നെന്മാറ: വഴിയാത്രക്കാരും, വിദ്യാർഥികളും ഉൾപ്പെടെ ഭയത്തോടെ നോക്കി കണ്ടിരുന്ന അപ്പായിയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നെന്മാറ പോലീസ്. നെന്മാറ ടൗണിലും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാൽപ്പത്തിയഞ്ചുകാരനെയാണ് നെന്മാറ പോലീസിന്റെ നേതൃത്വത്തിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചത്.
വർഷങ്ങൾക്ക് മുന്പ് നെന്മാറ ടൗണിലെ ടാക്സി ജീപ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അപ്പായി മാനസിക വൈകല്യത്തെ തുടർന്ന് ഒറ്റപ്പെട്ട് പാതവക്കിൽ താമസിച്ചു വരുകയായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും, നീണ്ടു വളർന്ന മുടികളുമായി പാതയിലൂടെ നടക്കുന്പോൾ മിക്കവരും ഭയത്തോടെയാണ് ഇദ്ദേഹത്തെ കണ്ടിരുന്നത്.
പണി മുടക്ക് ദിവസമായ ബുധനാഴ്ച കാലത്ത് തന്നെ സിഐ ദീപകുമാറിന്റെ നേതൃത്വത്തിൽ അപ്പായിയെ കുളിപ്പിച്ച്, മുടിവെട്ടി പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. കുടുംബക്കാരും തന്നെ സംരക്ഷണയില്ലാതായതോടെ പോലീസിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ച് തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അപ്പായിയെ മാറ്റി.
ഇതിനു മുന്പും നെന്മാറ പോലീസിന്റെ നേതൃത്വത്തിൽ രണ്ടുപേരെ ഈ രീതിയിൽ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. എസ്സിഒമാരായ പ്രമോദ്, രാമചന്ദ്രൻ സെപഷൽ ബ്രാഞ്ച് എസ്ഐ രാജൻ, ഡി.രവി, ആർ.സനു, ആബുലൻസ് ഡ്രൈവർ യേശു തുടങ്ങിയവർ നേതൃത്വം നൽകി.