തിരുവനന്തപുരം: എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമ പ്രവർത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമ പ്രവർത്തകർക്ക് പ്രതികരിക്കാൻ പലപ്പോഴും ഭയമാണ്. എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നവരാണ് അവർ. അതിനാല്‍ അധികാര കേന്ദ്രങ്ങളുടെ തെറ്റുകള്‍ക്കെതിരെ വലിയ പ്രതിഷേധമൊന്നും സിനിമക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഭരണഘടനയുടെ പവിത്രത സംരക്ഷിക്കാന്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഒന്നിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയെ സംരക്ഷിക്കുകയും അതിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കയും ഓരോ പൗരന്റെയും അവകാശവും കടമയുമാണ്. സിനിമ അടക്കം ആവിഷ്ക്കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കയാണ് ഭരണകൂടം. അധികാരത്തിന്റെ പരസ്യങ്ങള്‍ കാണിക്കാന്‍ മാത്രം ഉള്ളതായി സിനിമ മാറിയെന്നും അദ്ദേഹം വിമർശിച്ചു.