മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെയും മുഖ്യപരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെയും അപ്പീലുകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തള്ളി.
ക്ലബിനെതിരെയും പരിശീലകനെതിരെയും പ്രഖ്യാപിച്ച ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടാണ് ക്ലബും പരിശീലകനും അപ്പീൽ നൽകിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പ്ലേ ഓഫീൽ ബംഗളൂരു എഫ്സിക്കെതിരായ കളി പൂർത്തിയാകും മുൻപു കളം വിട്ടതിനാണ് ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാനുമെതിരേ നടപടി ഉണ്ടായത്.
ക്ലബിനു നാല് കോടി രൂപയാണു പിഴ അടക്കേണ്ടത്. ഇവാന് അഞ്ച് ലക്ഷം രൂപയും അതിനോടൊപ്പം 10 മത്സരങ്ങളിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സും പരിശീലകനും രണ്ടാഴ്ചയ്ക്കകം പിഴ അടക്കണമെന്നാണു നിർദേശം. ഇല്ലെങ്കിൽ പിഴ വർധിക്കും.
എഐഎഫ്എഫ് അപ്പീൽ തള്ളിയതു സംബന്ധിച്ച് ഇന്ന് ഔദ്യോഗിക കുറിപ്പു പുറത്തുവിട്ടു.