തൃശൂർ: മഴയിൽ നശിച്ച കേരളത്തിലെ കർഷകരുടെ കണ്ണീരിലും ഇരട്ടിയാണ് ഹിമാചലിലെ ആപ്പിൾ കർഷകരുടെ ദുരിതം. പാകമായ ആപ്പിൾ പറിക്കാൻ തുടങ്ങുന്പോഴേക്കും ദുരിതം മഴയുടെയും മണ്ണിടിച്ചിലിന്റെയും രൂപത്തിൽ ആപ്പിൾ കർഷകരെ കടപുഴക്കിയെറിഞ്ഞു. ഹിമാചൽപ്രദേശ് സംസ്ഥാനത്തിന്റെ സാന്പത്തിക മേഖലയിൽ വൻ സ്വാധീനമുള്ള ആപ്പിൾ കൃഷി ഇക്കുറി തകർന്നടിഞ്ഞതോടെ കർഷകരുടെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ സാന്പത്തിക വരുമാനത്തിൽ ഇരുട്ടടിയായി മാറി.
ജമ്മുകാശ്മീർ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് പ്രധാനമായും ആപ്പിൾ ഉൽപാദനം നടത്തുന്നത്. ജമ്മുകാശ്മീരിൽ നിന്ന് കാര്യമായി ആപ്പിൾ ഇക്കുറി വരാത്തതിനാൽ ഹിമാചൽ പ്രദേശിലെ ആപ്പിളായിരുന്നു പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വന്നതോടെ ആപ്പിൾ തോട്ടങ്ങൾ പലതും മണ്ണിനടിയിലായി.
അപ്രതീക്ഷിതമായി മഴ കനത്തതോടെ കർഷകർ കിട്ടാവുന്ന ആപ്പിൾ എല്ലാം പറിച്ചെടുത്ത് കിട്ടിയ വിലയ്ക്ക് വിൽപന നടത്തി. ഇതോടെ കേരളത്തിലേക്കും ആപ്പിളുകൾ ലോറികളിലും മറ്റു മാർഗങ്ങളിലൂടെയും ഒഴുകുകയാണ്. കേരളത്തിലെത്തിച്ച ആപ്പിളിനും വൻ വിലക്കുറവിലാണ് വിൽപന നടത്തുന്നത്. എങ്ങനെയെങ്കിലും വിറ്റൊഴിക്കാനായി കേരളത്തിലെ ആപ്പിൾ വ്യാപാരികളും നെട്ടോട്ടം ഓടുകയാണ്.
അന്പതുരൂപയിലും താഴെയാണ് കിലോയ്ക്ക് ആപ്പിളിന്റെ വില. ആപ്പിൾ പറിച്ചെടുത്ത്് ശേഖരിച്ചു വച്ച് വിൽപന നടത്തിയിരുന്ന കർഷകർക്ക് ആപ്പിൾ സൂക്ഷിച്ചു വയ്ക്കാൻ പോലും സാധിക്കാതായി. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കിട്ടുന്ന വിലയ്ക്കാണ് ഹിമാചലിൽ നിന്ന് ആപ്പിളുകൾ കയറ്റിയയക്കുന്നത്.
ഹിമാചലിലെ സിംലയിലാണ് ഏറ്റവും കൂടുതൽ ആപ്പിൾ ഉൽപാദനം നടക്കുന്നത്. മണാലി, കുളു, മാണ്ടി, കിണാവൂർ, കോട്ടാർ തുടങ്ങിയ സ്ഥലങ്ങളിലാണ് വൻ ആപ്പിൾ കൃഷി തോട്ടമുള്ളത്. കാലാവസ്ഥ മനസിലാക്കി പ്രദേശവാസികൾക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിനായി അമേരിക്കൻ മിഷണറിയായ സാമുവേൽ ഇവാൻസ് ആണ് നൂറു വർഷങ്ങൾക്കു മുന്പ് കോട്ടാറിൽ ആപ്പിൾ കൃഷി നടത്താൻ പ്രോത്സാഹനം നൽകിയത്. തുടർന്ന് ആപ്പിൾ കൃഷി ഈ ഭാഗത്ത് വ്യാപകമായി.
റിക്കാർഡ് ഉൽപാദനമാണ് കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ ഉണ്ടായത്. ജൂണ് മുതൽ സെപ്റ്റംബർ വരെയാണ് ആപ്പിളിന്റെ സീസണ്. ഇവിടെ നിന്ന് പറിച്ചെടുക്കുന്ന ആപ്പിൾ പ്രധാനമായും വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയാണ് ചെയ്തിരുന്നത്. നാലായിരം കോടി രൂപയുടെ വിൽപനയാണ് ഉണ്ടായിരുന്നത്. ഡൽഹി, ചണ്ഡിഗഡ് മാർക്കറ്റുകളിലേക്കാണ് ആപ്പിളുകൾ പോയിരുന്നത്.
അവിടെ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആപ്പിളുകൾ എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ വ്യാപാരികളും ഇവിടെ നിന്നാണ് ആപ്പിളുകൾ എത്തിച്ചിരുന്നത്. ഹിമാചലിലെ സിംലയിൽ നേരിട്ടെത്തി ആപ്പിളുകൾ ശേഖരിക്കുന്നവരും കേരളത്തിലുണ്ട്. വരും ദിവസങ്ങളിലും കേരളത്തിലേക്ക് ആപ്പിളുകൾ കൂടുതലായി എത്തുമെന്നാണ് സൂചന.
എന്നാൽ ഇവിടെയെത്തുന്ന ആപ്പിൾ പരമാവധി സൂക്ഷിച്ചുവയ്ക്കാൻ സാധ്യത തേടി കൂടുതൽ ലാഭമുണ്ടാക്കാനുള്ള ശ്രമവും കേരളത്തിലെ വ്യാപാരികൾ നടത്തുന്നുണ്ട്. ചെറിയ ആപ്പിളുകളൊക്കെയാണ് മർക്കറ്റുകളിലും ചെറു വാഹനങ്ങളിലുമൊക്കെയായി ഇപ്പോൾ വിൽപന നടത്തുന്നത്. വരും ദിവസങ്ങളിൽ വലിയ ആപ്പിളുകളും വിപണിയിൽ കൂടുതലായി എത്തും.
നു