പത്തനാപുരം: ആപ്പിൾ സീസണായതോടെ പാതയോരങ്ങളിൽ ആപ്പിൾ കച്ചവടം പൊടിപൊടിക്കുന്നു. വിലയിൽ ഗണ്യമായ കുറവ് ഉണ്ടായതോടെ ആവശ്യക്കാരും ഏറെയാണ്. ഒരു മാസത്തിന് മുൻപ് വരെ മുന്തിയ ഇനം ആപ്പിളിന് കിലോയ്ക്ക്180 ന് മുകളിലായിരുന്നുവെങ്കിൽ ഇന്ന് 100 രൂപയ്ക് താഴെ ലഭ്യമാണ്. റോയൽ, കാശ്മീരി, അമരി തുടങ്ങിയ പേരുകളിൽ ആപ്പിൾ വിപണിയിലെത്തുന്നുണ്ട്.
ഓരോന്നിനും തരം തിരിച്ചാണ് വ്യാപാരികൾ വില ഈടാക്കുന്നത്. ഹിമാചൽ,കാശ്മീർ, ആസാം ,ഊട്ടി എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തെ മാർക്കറ്റുകളിൽ ആപ്പിൾ എത്തുന്നത്. ഇക്കുറി കൃഷി തോട്ടങ്ങൾക്ക് കാലാവസ്ഥ അനുകൂലമായത് കൂടൂതൽ ആപ്പിൾ എത്താനിടയായി. തണുപ്പ് കാലാവസ്ഥയിലാണ് കൂടുതലായി ഉണ്ടാകുന്നത്.
ആപ്പിളിന്റെ വരവ് കൂടിയതോടെ കടകളിലെ കച്ചവടത്തോടൊപ്പം പാതയോരങ്ങളും കൈയടക്കിയിരിക്കുകയാണ് വ്യാപാരികൾ.കിലോയ്ക്ക് 30 രൂപ മുതൽ 150രൂപ വിലയിൽ ലഭ്യമാണ്. ഇന്ത്യയ്ക്ക് പുറത്തു നിന്നും അമേരിക്ക, ചൈന, തുർക്കി,ബെൽജിയം , സ്യൂസിലാന്റ് എന്നിവിടങ്ങളിൽ നിന്നും വിമാന മാർഗ്ഗവും ,കപ്പൽ മാർഗ്ഗവും ധാരാളമായി എത്തുന്നുണ്ട്.
വിദേശത്തുനിന്നും എത്തുന്ന ആപ്പിൾ ഗ്രീൻ ലേഡി, റെഡ്ബീ, ഫുജി റെഡ് ,യു.എസ്.എ തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത്. പച്ചനിറത്തിലുള്ള ആപ്പിൾ പ്രമേഹ രോഗികൾക്കും കഴിക്കാമെന്ന് അവകാശപ്പെടുന്നതിനാൽ ആവശ്യക്കാർ ഏറെയാണെന്നും കാശ്മീരി ആപ്പിളുകൾക്കാണ് ഗുണവും മധുരവുമെന്നും വ്യാപാരികൾ പറയുന്നു.
ഹിമാചൽ , കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ സീസണിൽ കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ആപ്പിൾ മറ്റ്സംസ്ഥാനങ്ങളിൽ എത്തിച്ച് ലാഭം കൊയ്യുന്നത് ഇടനിലക്കാരണെന്ന ആക്ഷേപമുണ്ട്.മിക്ക രോഗ ബാധിതർക്കും ആപ്പിൾ കഴിക്കുന്നത് ഗുണകരമാണെന്നിരിക്കെ ആവശ്യക്കാരും ഏറെയാണ്.
വിദേശത്തു നിന്നും എത്തുന്ന ആപ്പിൾ മാസങ്ങളോളം കേടുകൂടാതിരക്കാൻ കൃത്രിമം നടത്തി ലഭ്യമാക്കുന്ന ആപ്പിൾ കഴിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മഴ മാറിയതോടെ ആപ്പിൾ ഉൾപ്പെടെ പഴ വിപണി സജീവമാണ്