ചൈനയില്‍ നിന്നു പൂര്‍ണമായും പിന്‍വാങ്ങാനൊരുങ്ങി അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍. ചൈനയിലെ ആപ്പിള്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യയിലെ പ്ലാന്റുകളില്‍ കൂടുതല്‍ മോഡലുകള്‍ നിര്‍മിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം.
ഇന്ത്യയിലെ ഐഫോണ്‍ പ്രേമികളെ മാത്രമല്ല രാജ്യത്തെ സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഒന്നടങ്കം ആഹ്ലാദഭരിതരാക്കുന്ന ഒരു വാര്‍ത്തയാണിത്. ചരിത്രത്തിലാദ്യമായി തങ്ങളുടെ ഏറ്റവും പുതിയ, പ്രീമിയം ശ്രേണിയിലുള്ള ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍.
ഐഫോണ്‍ 11 മോഡലാണ് ഇപ്പോള്‍ കമ്പനി നിര്‍മിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് മധ്യനിര സ്മാര്‍ട്ട് ഫോണുകളുടെ വിലയിലും വില്‍പ്പനയിലും വന്‍ മാറ്റം വരുത്തിയേക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന ഐഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 11.
ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ഫോക്സ്‌കോണ്‍ കമ്പനിയുടെ ചെന്നൈയിലുള്ള ഫാക്ടറിയിലാണ് ഐഫോണ്‍ 11ന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
ഇതോടെ ഐഫോണ്‍ 11ന്റെ വിലയില്‍ കാര്യമായി കുറവു വന്നേക്കാമെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 22 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിള്‍ ഇപ്പോള്‍ നല്‍കുന്ന ഇറക്കുമതി ചുങ്കം 22 ശതമാനമാണ്. ഇതു കുറഞ്ഞേക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വില കുറയ്ക്കുമ്പോള്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അവതരിപ്പിച്ച ഐഫോണ്‍ എസ്ഇ 2020 മോഡലിന്റെ പ്രസക്തി കുറഞ്ഞു തുടങ്ങില്ലേ എന്ന പേടിയും കമ്പനിക്കുള്ളതിനാല്‍ ഐഫോണ്‍ എസ്ഇ മോഡലും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആപ്പിളിന് ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന വിന്‍സ്ട്രണ്‍ കമ്പനിയുടെ ബെംഗളൂരുവിലെ ഫാക്ടറിയിലായിരിക്കും ഐഫോണ്‍ എസ്ഇ 2020 നിര്‍മിച്ചു തുടങ്ങുക എന്നാണ് വാര്‍ത്തകള്‍. വിന്‍സ്ട്രണിന്റെ ഇതേ ഫാക്ടറിയിലാണ് ഐഫോണ്‍ എസ്ഇ ആദ്യ എഡിഷന്‍ നിര്‍മിച്ചിരുന്നത്.
ഐഫോണ്‍ 11 ന്റെ തുടക്ക മോഡലിന്റെ എംആര്‍പി ഇപ്പോള്‍ 62,900 രൂപയാണ്. ഈ ഹാന്‍ഡ്‌സെറ്റ് ഇപ്പോള്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ്.
ഐഡിസിയുടെ കണക്കുകള്‍ പ്രകാരം 35,000 രൂപയ്ക്കു മുകളില്‍ വില്‍ക്കുന്ന ഫോണുകളില്‍ ഏറ്റവുമധികം വിറ്റിരിക്കുന്നത് ഐഫോണ്‍ 11 ആണ്. 35,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഫോണുകളില്‍ 62.7 ശതമാനവും ഐഫോണ്‍ 11 ആണ് വിറ്റിരിക്കുന്നത്.
ഐഫോണ്‍ എസ്ഇ 2020യുടെ തുടക്ക മോഡലിന്റെ എംആര്‍പി 42,500 രൂപയാണ്. ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയാല്‍ ഈ മോഡലിനും 22 ശതമാനം വിലക്കുറവ് ലഭിച്ചേക്കാം.
ആപ്പിളിന്റെ മറ്റൊരു വലിയ ഐഫോണ്‍ നിര്‍മാണക്കമ്പനിയായ പെഗാട്രോണും അടുത്തിടെ ഇന്ത്യയില്‍ തങ്ങളുടെ യൂണിറ്റ് സ്ഥാപിക്കാനായി രജിസ്റ്റര്‍ ചെയ്തു എന്നതാണ് ഇതിലേക്കു വിരല്‍ ചൂണ്ടുന്നത്. എന്തൊക്കെയായാലും എപ്പോഴാണ് ആ വിലക്കുറവുണ്ടാകുന്നതെന്ന ആകാംക്ഷയിലാണ് ഇന്ത്യയിലെ ആപ്പിള്‍ പ്രേമികള്‍.