എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിതരണം സുഗമമായെന്ന് ബീവറേജസ് കോർപറേഷൻ. ബെവ്കോ വഴിയുള്ള മദ്യവിതരണത്തിൽ നിലവിൽ ഒരു തരത്തിലുള്ള പരാതികളും കോർപറേഷനു മുന്നിൽ എത്തുന്നില്ലെന്ന് ബീവറേജസ് എംഡി സ്പർജൻ കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
ബെവ്ക്യൂ ആപ്പുമായി ബന്ധപ്പെട്ട പരാതികളെല്ലാം ഇതിനകം പരിഹരിച്ചിട്ടുണ്ട്. ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യവിൽപ്പന ഒാരോ ദിവസവും കൂടി വരികയാണ്.
മദ്യ വിതരണം ആരംഭിച്ച സമയത്ത് ദിവസം ശരാശരി 40 കോടി രൂപയുടെ വിൽപ്പനയാണ് നടന്നുകൊണ്ടിരുന്നത്. ഇപ്പോൾ അത് 45-46 കോടി രൂപയുടെ വിൽപ്പനയാണ് നടക്കുന്നത്. ബീവറേജസിന് 265 ഷോപ്പുകളും കൺസ്യൂമർ ഫെഡിന് 36 മദ്യവിതരണശാലകളുമാണ് സംസ്ഥാനത്തുള്ളത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ടോക്കൺ അടിസ്ഥാനത്തിൽ മദ്യ വിതരണം ആരംഭിച്ചതോടെ ബാറുകളുടെ കൗണ്ടറുകൾ ഉൾപ്പടെ 900 ഔട്ട്ലെറ്റുകളായി മാറി.
മുന്പ് ഒരു ഔട്ട്ലെറ്റിനു മുന്പിൽ 2000, 3000 പേരുടെ ക്യൂ ഉണ്ടായിരുന്നത് ടോക്കൺ അടിസ്ഥാനത്തിൽ ആയതോടെ എണ്ണം കുറഞ്ഞു. അതാണ് പല ബീവറേജസ് ഷോപ്പുകൾക്കു മുന്പിലും ആളില്ലെന്ന തോന്നൽ ഉണ്ടാക്കാൻ കാരണം. ഒരാൾക്ക് മൂന്നു ലിറ്റർ മദ്യം വിതരണം ചെയ്യുന്നതു കാരണം വിൽപ്പനയ്ക്ക് ഒരു കുറവും സംഭവിക്കുന്നില്ല.
ബെവ്കോയ്ക്ക് മുന്പ് ലഭിച്ചു കൊണ്ടിരുന്ന വരുമാനം ഇപ്പോഴും ഉണ്ട്. കോവിഡിന് മുന്പത്തേക്കാൾ ഇപ്പോൾ മദ്യത്തിന് വില കൂടിയതു കാരണം അതിന്റേതായ വരുമാന വർധനയുണ്ട്.
ബീവറേജസിലും ബാറുകളിലും മദ്യത്തിന് ഒരേ വില ആയതിനാൽ ആൾക്കാർ എല്ലായിടത്തും പോയി വാങ്ങുന്നുണ്ട്. നേരത്തെ ബീവറേജസിൽ നിന്ന് വാങ്ങാൻ കാത്തു നിൽക്കുമായിരുന്നു. അതായിരുന്നു ഷോപ്പുകൾക്ക് മുന്പിലെ തിക്കും തിരക്കും.
സർക്കാരിന് ഒരു തരത്തിലുള്ള വരുമാന നഷ്ടവുമില്ല. വരുമാനം കൂടിയിട്ടേയുള്ളു. അമിത വില ഈടാക്കുന്നതായുള്ള പരാതികൾ വലുതായി ലഭിക്കുന്നില്ല. അക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെയാണ് ഷോപ്പുകളിൽ വിൽപ്പന നടത്തുന്നത്.
ആൾക്കൂട്ടം ഉണ്ടാകാത്ത തരത്തിൽ വിൽപ്പന നടത്തണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ബെവ്ക്യൂ ആപ്പ് തുടരും. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മദ്യ വിൽപന അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.
കോവിഡ് കാലം കഴിയുന്പോൾ വിൽപ്പന ഏതു തരത്തിൽ വേണമെന്ന തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. സമയക്രമത്തിലും ഉടൻ മാറ്റം ഉണ്ടാകാനിടയില്ല.
ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് തീരുമാനമെടുക്കേണ്ടത്. ഹോട്ട് സ്പോട്ടുകളിൽ ഷോപ്പുകൾ തുറക്കില്ല എന്നതൊഴിച്ചാൽ നിലവിൽ മറ്റൊരിടത്തും ഷോപ്പുകൾ തുറക്കാതിരിക്കുന്നില്ല. ആദ്യ ദിവസങ്ങളിൽ ഉണ്ടായ പരാതികൾ എല്ലാം ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞു.
ബാറുകൾക്ക് കൂടുതൽ ടോക്കണുകൾ കിട്ടുന്നുവെന്ന പരാതിയിൽ കഴന്പില്ല. ബെവ്കോ ഔട്ട്ലെറ്റുകളെക്കാൾ ബാറുകളുടെ എണ്ണം കൂടുതൽ കാരണമാണ് കൂടുതൽ ടോക്കണുകൾ അവർക്ക് ലഭിക്കുന്നത്.
കൺസ്യൂമർഫെഡിന് മദ്യവിൽപ്പന കുറഞ്ഞുവെന്നു കാണിച്ച് സർക്കാരിനെ സമീപിച്ചെന്ന വാർത്തയെക്കുറിച്ച് അറിയില്ലെന്നും ബെവ്കോ എംഡി സ്പർജൻ കുമാർ രാഷ്്ട്രദീപികയോട് പറഞ്ഞു.