എന്‍ഡി തിവാരിയുടെ മകന് രോഹിത് കൊലപ്പെട്ട കേസില്‍ ഭാര്യ അപൂര്‍വയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. തലേന്നു ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത അപൂര്‍വ ഒരു വളകിലുക്കം കേട്ടതാണു സംഭവങ്ങളുടെ തുടക്കം. ഒരു യുവതിയുടെ വസ്ത്രത്തിന്റെ തുമ്പും മിന്നായം പോലെ കണ്ടു. ഇതേച്ചൊല്ലി അന്നു രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമായി.
രോഹിത് വോട്ടുചെയ്യാന്‍ പോയതായിരുന്നു. കഴിഞ്ഞ 15-ന് ഉത്തരാഖണ്ഡില്‍നിന്നു രോഹിത് ഡല്‍ഹിക്കു മടങ്ങുമ്പോള്‍ അകന്നബന്ധത്തിലുള്ള ഒരു യുവതി കാറിന്റെ പിന്‍സീറ്റില്‍ ഒപ്പമുണ്ടായിരുന്നു. രോഹിതിന്റെ അമ്മ ഉജ്വലയും യുവതിയുടെ ഭര്‍ത്താവും മറ്റൊരു കാറിലായിരുന്നു. യാത്രയ്ക്കിടെ രോഹിതിനും യുവതിക്കും ജോലിക്കാരനായ ഗോലു മദ്യം പകര്‍ന്നു. ഇരുവരും ചേര്‍ന്ന് ഒരു കുപ്പി അപ്പാടെ കാലിയാക്കി.
രോഹിതും അപൂര്‍വയും വിവാഹമോചനത്തിന്റെവക്കിലായിരുന്നു. ഈ യുവതിയാണ് അതിനു കാരണക്കാരിയെന്നായിരുന്നു അപൂര്‍വയുടെ സംശയം. എന്നാല്‍ രോഹിതും യുവതിയുമായി അവിഹിതബന്ധമില്ലായിരുന്നെന്ന് ഡല്‍ഹി പോലീസ് അഡീഷണല്‍ കമ്മിഷണര്‍ രാജീവ് രഞ്ജന്‍ പറഞ്ഞു. കാര്‍ യാത്രയ്ക്കിടെ രോഹിതിനെ അപൂര്‍വ വീഡിയോ കോള്‍ ചെയ്തപ്പോള്‍ വളകിലുക്കം കേട്ടതോടെ സംശയം ഇരട്ടിച്ചു.
വീട്ടിലെത്തിയ രോഹിത് മദ്യലഹരിയിലായിരുന്നതിനാല്‍ അപൂര്‍വ ഇക്കാര്യം ചോദിച്ചില്ല. അത്താഴത്തിനുശേഷം ഇരുവരും വെവ്വേറെ മുറികളിലേക്കു പോയി. അല്‍പ്പം കഴിഞ്ഞ് ഉജ്വല ഇരുവരെയും വിളിച്ചു സംസാരിച്ചു. അര്‍ധരാത്രി കഴിഞ്ഞാണ് കാറിലുണ്ടായിരുന്ന യുവതിയെപ്പറ്റി ചോദിച്ച് അപൂര്‍വ ഭര്‍ത്താവുമായി വഴക്കിട്ടത്. അതു കൊലപാതകത്തിലെത്തി.