തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന വ്യവസ്ഥകളോടെയാണ് ഓർഡിനൻസ്.
ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾക്ക് കുറഞ്ഞ ശിക്ഷ ആറ് മാസം തടവും കൂടിയ ശിക്ഷ ഏഴ് വർഷം തടവുമാണ്.
നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വിപണി വിലയുടെ ആറിരട്ടിവരെ ഈടാക്കുന്നതുമാണ് വ്യവസ്ഥ. വാക്കുകൾ കൊണ്ടള്ള അധിക്ഷേപത്തിനും ശിക്ഷലഭിക്കും.
സുരക്ഷാ ജീവനക്കാർക്കും ആശുപത്രിയിൽ പരിശീലനത്തിനെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കും നിയമത്തിന്റെ ആനുകുല്യം ലഭിക്കും. മെഡിക്കൽ, നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും.
ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ച് യുവ ഡോക്ടർ വന്ദനാദാസ് കുത്തേറ്റ് മരിച്ചതിനെ തുടർന്ന് ഐഎംഎയും കെജിഎംഒയും പി.ജി. ഡോക്ടർമാരും ഉൾപ്പെടെയുള്ള സംഘടനകൾ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഒ.പി. ബഹിഷ്കരിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോയിരുന്നു. ഓർഡിനൻസ് പുറത്തിറക്കാമെന്ന സർക്കാരിന്റെ ഉറപ്പിൻമേലാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്.