ബംഗളൂരു: ആ ഉറക്കത്തിലാണ് അപ്പുമോന് എല്ലാവരെയും നഷ്ടമായത്. പപ്പയെയും മമ്മിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും തട്ടിയെടുത്ത മരണം കുഞ്ഞ് അപ്പുമോനെ മാത്രം തൊട്ടില്ല. ചെറിയമ്മയ്ക്കൊപ്പം തിരികെ ബംഗളൂരുവിലേക്കു മടങ്ങുമ്പോഴും സംഭവിച്ചത് എന്താണെന്നു പോലും തിരിച്ചറിയാനാവാതെ അവൻ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
സേലത്ത് ഇന്നലെ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേരും മരണത്തിനു കീഴടങ്ങിയപ്പോൾ രക്ഷപ്പെട്ടത് രണ്ടര വയസുകാരനായ ഏദൻ എന്ന അപ്പുമോൻ മാത്രമായിരുന്നു. ബംഗളൂരു എസ്ജി പാളയ, ബാലാജി നഗർ സ്വദേശി മോൻസി ജോസഫ് (മോനിച്ചൻ 60), ഭാര്യ അൽഫോൻസ (55), മകൾ ഡിനു മരിയ ജോസഫ് (32), ഭർത്താവ് സിജി വിൻസന്റ് (35) എന്നിവരാണ് മരിച്ചത്.
ഇളയ മകൾ ഡാനുവിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് മോനിച്ചനും കുടുംബവും എടത്വയിലേക്കു പുറപ്പെട്ടത്. ഡാനു ഇവർക്കൊപ്പം പോയിരുന്നില്ല. അപകടവിവരമറിഞ്ഞ് സേലത്ത് എത്തിയ ഡാനു ഈതലിനെയുമായി മടങ്ങുകയായിരുന്നു.
എടത്വ സ്വദേശിയായ മോൻസി ജോസഫ് കഴിഞ്ഞ 35 വർഷമായി ബംഗളൂരുവിൽ സ്ഥിരതാമസമാണ്. ധർമാരാം സെന്റ് തോമസ് ഫൊറോനാ പള്ളിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
മോൻസി ബംഗളൂരുവിൽ ഫാബ്രിക്കേഷൻ ജോലികൾ ചെയ്തുകൊടുക്കുന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ അൽഫോൻസ മണിപ്പാൽ ആശുപത്രിയിലെ റിട്ടയേഡ് നഴ്സിംഗ് സൂപ്രണ്ടാണ്. മികച്ച സേവനത്തിനുള്ള ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം നേടിയിട്ടുണ്ട്. മകൾ ഡിനു ബംഗളൂരുവിലെ എസ്എപിയിൽ സോഫ്റ്റ്വെയർ എൻജിനിയർ ആയിരുന്നു. മരുമകൻ സിജി ടിസിഎസിൽ സോഫ്റ്റ്വെയർ എൻജിനിയറാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ ബംഗളൂരുവിലെത്തിക്കും.
അപ്പുവിനു രക്ഷകനായത് ആൽബിൻ
ആലപ്പുഴ: ഉറക്കത്തിന്റെ മൂർധന്യത്തിലാണ് ആൽബിൻ എടുത്തെറിയപ്പെട്ടതുപോലെ മറിഞ്ഞുവീണത്. ഒപ്പം ഭീകരമായ ശബ്ദവും. നിലവിളികൾ ഉയരുന്നതിനിടെ പെട്ടെന്നു ബോധത്തിലേക്കു വന്നു. അപ്പോഴാണ് താൻ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടെന്ന കാര്യം ആൽബിനും മനസിലായത്.
സീറ്റിനിടയിൽ കാൽ ഉടക്കിയതിനാൽ മാത്രം ജീവൻ തിരിച്ചുകിട്ടി. പിന്നെ എങ്ങനെയും പുറത്തിറങ്ങാനുള്ള ശ്രമം ആയിരുന്നു. അതിനിടയിലാണ് ഒരു കുരുന്നിന്റെ ശരീരം തടയുന്നത്- ഏദൻ(അപ്പു) എന്ന രണ്ടര വയസുകാരനായിരുന്നു അത്. എന്താണു സംഭവിച്ചതെന്നറിയാതെ കരഞ്ഞുകൊണ്ടിരുന്ന അവനെയും മാറോടുചേർത്ത് ആൽബിൻ ഒരുവിധം പുറത്തിറങ്ങി.
ബംഗളൂരുവിൽ എംബിബിഎസിനു ചേർന്ന ശേഷം മാമ്മൂട് നടയ്ക്കപ്പാടത്തെ പടനിലം വീട്ടിലേക്കു മടങ്ങിവരികയായിരുന്നു ആൽബിൻ. ബന്ധുകൂടിയായ ബിനോജും ഒപ്പമുണ്ടായിരുന്നു. എതിർവശത്തായിരുന്നതിനാൽ ചില്ലുതകർത്താണ് ബിനോജ് രക്ഷപ്പെട്ടത്.
ഇരുവർക്കും അപകടത്തിൽ പരിക്കുണ്ട്. ഫോണും കണ്ണടയും ഒക്കെ നഷ്ടവുമായി. എന്നിരുന്നാലും ഒരു കുരുന്നുജീവൻ രക്ഷിക്കാനായല്ലോ എന്ന ചാരിതാർഥ്യം ആൽബിനുണ്ട്. പുറത്തിറങ്ങി ഏറെ കഴിഞ്ഞാണ് താൻ രക്ഷപ്പെടുത്തിയ കുരുന്നിന്റെ മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അപകടത്തിൽ മരിച്ച വിവരം അറിയുന്നതും. ഒടുവിൽ കുഞ്ഞിനെ പോലീസിനു കൈമാറിയ ശേഷമാണ് ഇവർ നാട്ടിലേക്കു തിരിച്ചത്.
കുവൈറ്റിലാണ് ആൽബിന്റെ മാതാപിതാക്കളായ സന്തോഷ് ആന്റണിയും സജിമോളും. സന്തോഷിന്റെ ചേട്ടൻ ഷാജിയും കുടുംബവുമാണ് മാമ്മൂട്ടിൽ താമസിക്കുന്നത്. എംബിബിഎസ് ക്ലാസുകൾ ഉടനെ തുടങ്ങുമെന്നതിനാൽ വീട്ടിൽ വന്ന് അമ്മാമ്മയെയും കണ്ടു മടങ്ങാനായിരുന്നു ആൽബിൻ എത്തിയത്.
അവിശ്വസനീയം
വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വീടുകളിലേക്കു പലരും തിരിച്ചെത്തി തുടങ്ങിയതേയുള്ളൂ. അതിനിടെയാണ് മറ്റൊരു ദുരന്തം നടുക്കം സമ്മാനിച്ചിരിക്കുന്നത്. ചെക്കിടിക്കാട് സ്വദേശി നന്നാട്ടുമാലിൽ പ്രഫ. ജിം ജേക്കബി(58)ന്റെ മരണ വാർത്ത മാത്രമാണ് ആദ്യം അറിഞ്ഞത്. എടത്വ സെന്റ് അലോഷ്യസ് കോളജ് അധ്യാപകനായ ജിമ്മിന്റെ മരണവാർത്ത പലർക്കും അവിശ്വസനീയമായിരുന്നു. എടത്വ ലയണ്സ് ക്ലബ് മുൻ പ്രസിഡന്റ് കൂടിയായ ജിം സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു.
കോളജിൽനിന്നു ഒരുവർഷം മുന്പു പിരിഞ്ഞെങ്കിലും അധ്യാപകരുടെയും വിദ്യാർഥികളുടെയും ഉറ്റമിത്രമായിരുന്നു ജിം സാർ. ചങ്ങനാശേരി ഫാത്തിമാപുരത്താണ് താമസമെങ്കിലും സഹോദരങ്ങളടക്കമുള്ള ബന്ധുക്കൾ എടത്വയിൽ തന്നെയുണ്ടായിരുന്നു. മകന്റെ ജോലി ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹം ബംഗളൂരുവിനു പോയത്. മടങ്ങിവരും വഴിയായിരുന്നു അപകടം. ഭാര്യയും മകനും പരിക്കുകളോടെ രക്ഷപ്പെട്ടു.
മറക്കാത്ത വിളി
നാലു ജീവനുകൾ നഷ്ടപ്പെട്ട കുടുംബത്തിലുള്ളവർ വർഷങ്ങളായി ബംഗളൂരുവിൽ സ്ഥിരതാമസക്കാരാണ്. ബന്ധുക്കളുടെ വീടുകളിൽ നടക്കുന്ന ചടങ്ങുകൾക്കും മറ്റുമായി നാട്ടിലേക്കു വരുന്ന പതിവേ ഇവർക്കുള്ളൂ. ഇക്കുറി ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു. നാല്പതു വർഷമായി ബംഗളൂരുവിൽ സ്ഥിര താമസമായിരുന്നെങ്കിലും വർഷത്തിൽ നാലുതവണ ജോർജ് ജോസഫ് എടത്വയിൽ എത്താറുള്ളതായി പിതൃസഹോദരൻ ഫിലിപ്പ് ജോസഫ് പറഞ്ഞു.
വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഇവരുടെ സാന്നിധ്യമുണ്ടാകാറുണ്ടായിരുന്നു. വെള്ളപ്പൊക്ക സമയത്ത് ജോർജ് ജോസഫ് തന്നെയും കുടുംബത്തെയും ദിവസേന നാലുതവണ വരെ വിളിച്ചിരുന്നതായി ഫിലിപ്പ് ജോസഫ് പറഞ്ഞു.
ലിൻസി തനിച്ചായി
സിജി വിൻസന്റിന്റെയും ഡിനു ജോസഫിന്റെയും മകൻ ഏദൻ (രണ്ട്) വണ്ടിയിൽനിന്നു തെറിച്ചുപോയതു കാരണം അദ്ഭുതകരമായി രക്ഷപ്പെട്ടു. ജോർജ് ജോസഫ്-അൽഫോൻസ ദന്പതികളുടെ രണ്ടാമത്തെ മകൾ ഡാനു ജോസഫ് ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നില്ല.
ഷിനോ വി. തര്യന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ഒന്നിച്ചു യാത്ര പോരവേ ഒരിക്കലും പാതിവഴിയിൽ താൻ ഒറ്റയ്ക്കാകുമെന്നു ലിൻസി പ്രതീക്ഷിച്ചിരുന്നില്ല. കണ്മുന്പിൽ പിടഞ്ഞുവീണ പ്രിയതമന്റെ ശരീരം നെഞ്ചോടു ചേർത്തുള്ള ലിൻസിയുടെ കരച്ചിൽ കണ്ടുനിന്നവർക്കും നൊന്പരം സമ്മാനിച്ചു.
ഷിനോയുടെ മാതാവ് എലിസബത്തിന്റെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ലിൻസി പരിക്കുകളോടെ രക്ഷപ്പെട്ടു.