കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു നടന്ന ഗൂഢാലോചനയിൽ പങ്കുണ്ടെന്നു പോലീസ് സംശയിക്കുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ. ചോദ്യം ചെയ്യാനായി വിളിക്കാൻ ശ്രമിച്ചിട്ടും ഇയാളുടെ ഫോണുകളെല്ലാം സ്വച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നാണ് പോലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. ഇതേ തുടർന്ന് അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ചോദ്യം ചെയ്യാൻ ഹാജരായില്ലെങ്കിൽ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം നീക്കം തുടങ്ങിയിട്ടുണ്ട്. കേസിൽ പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ചു വ്യക്തമായ സൂചന നൽകിയിട്ടുണ്ട്.
എന്നാൽ, ഗൂഢാലോചനയിൽ അപ്പുണ്ണിയുടെ പങ്കുസംബന്ധിച്ചു ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു വിളിച്ചതായി അപ്പുണ്ണി പരാതി നൽകിയിരുന്നു. ഈ ഫോണ് വിളിച്ചതു പൾസർ സുനിയാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്. കൂടാതെ, ജയിലിൽനിന്നു പുറത്തിറങ്ങിയ വിഷ്ണു അപ്പുണ്ണിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ പോലീസിന്റെ പക്കലുണ്ട്. ഏലൂരിൽ വച്ചാണ് ഇവർ തമ്മിൽ കണ്ടത്.
ദിലീപിന്റെ ഡ്രൈവറിൽനിന്നു മാനേജർവരെ ഉയർത്തപ്പെട്ട വിശ്വസ്തനാണ് അപ്പുണ്ണി. പന്ത്രണ്ടര മണിക്കൂർ ആലുവ പോലീസ് ക്ലബ്ബിൽ നടന്ന മാരത്തണ് ചോദ്യം ചെയ്യലിൽ ഒരിക്കൽ പോലും ദിലീപിനെ അപ്പുണ്ണി തള്ളി പറഞ്ഞിട്ടില്ലെന്നാണു വിവരം. ഇത്രയ്ക്കു വിശ്വസ്തനും കൂടെ നിൽക്കുന്നതുമായ വ്യക്തി അറിയാതെ ഗൂഢാലോചന ദിലീപ് നടത്തുമെന്നു അന്വേഷണ സംഘം കരുതുന്നില്ല.
എന്നാൽ, ദിലീപ് ഗൂഢാലോചന നടത്തിയത് അപ്പുണ്ണിയുടെ സഹായത്തോടെയാണോയെന്നുള്ള തെളിവുകൾ പോലീസിന്റെ കൈവശമില്ല. തൃശൂരിലെ ജോയ്സ് പാലസിൽ അടക്കം പൾസർ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിപ്പോൾ അപ്പുണ്ണിയും ഒപ്പമുണ്ടായിരുന്നതായാണ് പോലീസ് കരുതുന്നത്.
സുനി ജയിലിൽനിന്നു ദിലീപിന് അയച്ച കത്തു പുറത്തു വന്നതിനും ഭീഷണിപ്പെടുത്തിയുള്ള ഫോണ് വന്നതിനു ശേഷവും അപ്പുണ്ണിക്കു ഗുഢാലോചന സംബന്ധിച്ചു കൃത്യമായ അറിവുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പുണ്ണിയെ ചോദ്യം ചെയ്യാനായി പോലീസ് വിളിച്ചത്.