ജാമ്യം നല്‍കിയാല്‍ പണിപാളും! അപ്പുണ്ണിക്ക് മുന്‍കൂര്‍ ജാമ്യമില്ല; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്പുണ്ണിയെ പ്രതി ചേര്‍ത്തിട്ടില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒളിവിലിരിക്കുന്ന അപ്പുണ്ണി ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തിലിരിക്കുന്ന കേസിനെ ബാധിക്കുമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.

അപ്പുണ്ണിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കേസിൽ അപ്പുണ്ണിയെ പ്രതി ചേർത്തിട്ടില്ല. എന്നാൽ ഗൂഢാലചനയുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. കേസിന്‍റെ ഗൂഢാലോന വ്യക്തമാകണമെങ്കിൽ ദിലീപിന് ഒപ്പം അപ്പുണ്ണിയെ കൂടി ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ നിലപാട് കോടതി അംഗീകരിച്ചാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്.

കേസിൽ ദിലീപിനൊപ്പം ആദ്യഘട്ടത്തിൽ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ പിന്നീട് അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ എന്ന പൾസർ സുനിയുമായി ദിലീപിന് വേണ്ടി ഇടനില നിന്നത് അപ്പുണ്ണിയാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇത് സംബന്ധിച്ച ഫോണ്‍ രേഖകൾ അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ട്. ഈ സാഹചര്യത്തിൽ താനും അറസ്റ്റിലാകുമെന്ന് വ്യക്തമായതോടെ അപ്പുണ്ണി മുങ്ങുകയായിരുന്നു.

Related posts