കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് സമർപ്പിച്ചിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പോലീസ് കോടതിയിൽ സത്യവാങ്മൂലം നൽകും. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോണ് നശിപ്പിച്ചുവെന്ന അഭിഭാഷകന്റെ മൊഴി വിശ്വസിക്കുന്നില്ലെന്നുമാണ് പോലീസ് നിലപാട്. ഇക്കാര്യം സത്യവാങ്മൂലത്തിൽ പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
കേസിൽ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയാക്കിയെന്ന പ്രതിഭാഗത്തിന്റെ നിലപാട് ശരിയല്ല. ദൃശ്യങ്ങൾ പകർത്തിയ ഫോണ് നശിപ്പിച്ചുവെന്ന മൊഴി വിശ്വസനീയമല്ലെന്നും ഫോണ് കണ്ടെടുക്കാൻ തീവ്രശ്രമം തുടരുകയാണെന്നും കേസിലെ സുപ്രധാന തെളിവാണിതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കും.
ആദ്യ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് പറഞ്ഞ വാദങ്ങളൊന്നും നിലവിൽ നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യഹർജി നൽകിയിരിക്കുന്നത്. അപ്പുണ്ണിയെ ചോദ്യം ചെയ്തെന്നും ഫോണ് നശിപ്പിക്കപ്പെടുവെന്ന് അഭിഭാഷകൻ മൊഴി നൽകിയതും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിൽ സഹകരിച്ച തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ നിലപാട്.