കൊച്ചി: നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ഇപ്പോൾ പിടിയിലായതു സ്രാവല്ലെന്നു മുഖ്യപ്രതി പൾസർ സുനി. ഇനിയും പ്രതികളുണ്ടെന്നും സുനി മാധ്യമങ്ങളോട് വ്യക്തമാക്കി. ജയിലിൽ ഫോണ് ഉപയോഗിച്ച കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിക്കവേയാണു സുനി ഇത്തരത്തിൽ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് ആലുവയിലെ വിഐപി പറയട്ടെയെന്നു പൾസർ സുനി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അപ്പുണ്ണി മുൻകൂർ ജാമ്യാപേക്ഷ നൽകി; ദിലീപിനെതിരെ ശക്തമായ തെളിവെന്ന് അധികൃതർ
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ നടൻ ദിലീപിനെതിരെ ശക്തമായ തെളിവുകളാണുള്ളതെന്ന് ആലൂവ റൂറൽ എസ്പി എ.വി. ജോർജ്. ലഭിച്ചിരിക്കുന്ന തെളിവുകൾ ജാമ്യം തടയാൻ ശക്തമായതാണ്. കുറ്റപത്രം അന്വേഷണം തീരുന്ന മുറയ്ക്കു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദിലീപിന്റെ മാനേജരായ അപ്പുണ്ണി മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. അപ്പുണ്ണി ഇപ്പോൾ ഒളിവിലാണ്. അപ്പുണ്ണിയെ പിടികൂടാനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ഇയാളെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും അന്വേഷണ സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയാണു മുൻകൂർജാമ്യം തേടി അപ്പുണ്ണി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.