കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിൻറെ മാനേജർ അപ്പുണ്ണിയിൽനിന്നു അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത് നിർണായക വിവരങ്ങൾ. ഇന്നലെ ഹൈക്കോടതിയിൽ അപ്പുണ്ണി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഇന്നുതന്നെ ഇയാൾ പോലീസിനു മുന്നിൽ ഹാജരായേക്കുമെന്നാണ് വിവരം. ഇതോടെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. എന്നാൽ, ചോദ്യം ചെയ്യുന്നതിനായി ഹാജരാകാനാവശ്യപ്പെട്ടു പോലീസിൽനിന്നു അപ്പുണ്ണിക്കു നോട്ടീസ് ലഭിച്ചിട്ടില്ല.
നോട്ടീസ് കിട്ടാതെ അപ്പുണ്ണി ഹാജരാകില്ലെന്നും സൂചനയുണ്ട്. ദിലീപിന്റെ മാനേജർ എന്നതിലുപരി മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണ് അപ്പുണ്ണി. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ പൾസർ സുനിയും ദിലീപും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൻറെയും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെയും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് അന്വേഷണ സംഘം കരുതുന്നു.
അപ്പുണ്ണിയെ നേരത്തേ ചോദ്യം ചെയ്തിരുന്നെങ്കിലും ദിലീപ് അറസ്റ്റിലായ ശേഷം രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചപ്പോൾ ഹാജരായിരുന്നില്ല. തുടർന്നു ഇയാളുടെ അഞ്ചു ഫോണുകളിലും ബന്ധപ്പെട്ടിരുന്നെങ്കിലും പ്രവർത്തനരഹിതമായിരുന്നു. അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലെത്തിയും മറ്റും പോലീസ് പരിശോധിച്ചെങ്കിലും പിടികൂടാനിയില്ല.ദിലീപ് കസ്റ്റഡയിലുള്ളപ്പോൾ അപ്പുണ്ണിയെ കിട്ടിയിരുന്നെങ്കിൽ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം.
ഈ പദ്ധതി പാളിയെങ്കിലും അപ്പുണ്ണിയെ ചോദ്യം ചെയ്താൽ ജയിലിൽനിന്നു സുനി നടത്തിയ നീക്കങ്ങളെപ്പറ്റിയും വ്യക്തത വരും. കാക്കനാട് ജില്ലാ ജയിലിൽ സുനിയുടെ സഹതടവുകാരനായ വിഷ്ണുവും അപ്പുണ്ണിയും ഏലൂരിലെ ടാക്സി സ്റ്റാൻഡിനു സമീപം കൂടിക്കാഴ്ച നടത്തിയതിൻറെ തെളിവുകൾ പോലീസിനു ലഭിച്ചിരുന്നു. സുനി ദിലീപിനയച്ച കത്ത് കൈമാറിയതും ഈ അവസരത്തിലാണെന്നാണു പോലീസിൻറെ കണക്കുക്കൂട്ടൽ.
പിന്നീട്, ഈ കത്ത് വാട്സ് ആപ്പ് മുഖേന അപ്പുണ്ണിയുടെ ഫോണിൽ ലഭിച്ചതിന്റെയും രേഖകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതോടെ അപ്പുണ്ണിയെ ലഭിച്ചാൽ കേസിലെ പല കുരുക്കുകളും അഴിക്കാമെന്ന വിശ്വാസത്തിലാണ് പോലീസ്. നിലവിൽ കേസിൽ അപ്പുണ്ണിയെ പ്രതിയാക്കിയിട്ടില്ലെന്നാണ് ഹൈക്കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചിരിക്കുന്നത്.