കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിനെ നേരത്തെ അറിയാമെന്ന്, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴി. സുനിൽ ജയിലിൽ നിന്ന് വിളിച്ചപ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അയാൾ പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അപ്പുണ്ണി പോലീസിനോട് പറഞ്ഞു.
പരിചയമില്ലാത്ത ഭാവത്തിൽ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും കത്തിനെക്കുറിച്ച് സംസാരിക്കാൻ ഏലൂർ ടാക്സി സ്റ്റാൻഡിൽ പോയിരുന്നുവെന്നും വെളിപ്പെടുത്തിയ അപ്പുണ്ണി കേസിലെ ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി. അപ്പുണ്ണിയെ ചോദ്യം ചെയ്യാൻ വീണ്ടും വിളിച്ചുവരുത്തുമെന്നാണ് വിവരങ്ങൾ.
കേസുമായി ബന്ധപ്പെട്ട് ഏറെ അഭ്യൂഹങ്ങൽക്ക് ശേഷം തിങ്കളാഴ്ചയാണ് സുനിൽ രാജ് എന്ന അപ്പുണ്ണി അന്വേഷണ സംഘത്തിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ആലുവ പോലീസ് ക്ലബിൽ രാവിലെ 11ന് എത്തിയ അപ്പുണ്ണിയെ ആറു മണിക്കൂർ ചോദ്യം ചെയ്തശേഷം വൈകുന്നേരം അഞ്ചിനാണ് വിട്ടയച്ചത്. ദിലീപ് റിമാൻഡിലായശേഷം അപ്പുണ്ണി ഒളിവിൽ പോയിരുന്നു. ചോദ്യംചെയ്യലിനു ഹാജരാകാൻ തിങ്കളാഴ്ച അവസാന അവസരമാണ് ഇയാൾക്കു പോലീസ് നൽകിയിരുന്നത്, എത്തിയില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനായിരുന്നു പോലീസ് തീരുമാനം.