മാവേലിക്കര: കോടതിക്കു സമീപത്തു നിന്നും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൊലക്കേസ് പ്രതിക്കായി മാവേലിക്കര പോലീസ് അന്വേഷണം ഉൗർജിതമാക്കി. കായംകുളം ദേശത്തിനകം സ്വദേശി അപ്പുണ്ണി (35)യാണ് വെള്ളിയാഴ്ച രക്ഷപ്പെട്ടത്. അന്വേഷണത്തിൽ നിന്നും ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ നിന്നും മുൻ കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
വളഞ്ഞനടക്കാവ,് ചെട്ടിക്കുളങ്ങര, മേനാപ്പള്ളി, കായംകുളം തുടങ്ങിയയിടങ്ങളിലെ ക്രിമിനൽ സംഘങ്ങളുമായി പ്രതിയ്ക്ക് ബന്ധമുള്ളതായി സൂചനയുണ്ട്. മറ്റേതെങ്കിലും ക്വട്ടേഷനുവേണ്ടിയിട്ടായിരിക്കാം പ്രതിരക്ഷപ്പെട്ടതെന്നും സംശയമുണ്ട്. തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അപ്പുണ്ണി.
തൃക്കുന്നപ്പുഴയിൽ നടന്ന ഒരു വധശ്രമക്കേസിലും പ്രതിയായ ഇയാളെ ഈ കേസുമായി ബന്ധപ്പെട്ട ഹിയറിങ്ങിനായി ആലപ്പുഴ കോടതിയിൽ ഹാജരാക്കുന്നതിന്, മാവേലിക്കര സബ് ജയിലിൽ പാർപ്പിക്കാനായി എത്തിച്ചതായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 ന് കോടതിക്കു സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ഇയാളെ എത്തിച്ചു.
ഭക്ഷണം കഴിച്ച ശേഷം ഇയാൾ പോലീസിനെ വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. എ ആർ ക്യാന്പിലെ രണ്ടു പോലീസുകാർക്കൊപ്പമായിരുന്നു അപ്പുണ്ണി മാവേലിക്കരയിൽ എത്തിയത്.