എസ്.മഞ്ജുളാദേവി
“”എന്റെ ജനനത്തീയതിയേക്കാൾ പ്രധാനപ്പെട്ടതായി മാറിക്കഴിഞ്ഞിരിക്കുന്നു എനിക്ക് ഏപ്രിൽ 18 എന്ന തീയതി. ഇന്നും പല സിനിമാസ്വാദകരും എന്നോട് 1984-ൽ പുറത്തുവന്ന ഏപ്രിൽ 18 എന്ന സിനിമയെക്കുറിച്ച് വളരെ കൗതുകത്തോടെ ചോദിക്കാറുണ്ട്.
കത്തുകളും അയയ്ക്കാറുണ്ട്. അവരുടെ ജീവിതത്തിൽ ജനനമോ മരണമോ വിവാഹമോ അങ്ങനെ എന്തെങ്കിലും പ്രധാനപ്പെട്ട സംഭവം ഏപ്രിൽ 18നു നടന്നാൽ എന്നെ ഓർമിക്കുമെന്നും പറയാറുണ്ട്.”
മലയാള സിനിമയിലെ സകലകലാവല്ലഭനായ ബാലചന്ദ്രമേനോന്റേതാണ് ഈ വാക്കുകൾ. ബലചന്ദ്രമേനോന്റെ “ഏപ്രിൽ 18′ ഒരു തരംഗമാണ് കേരളത്തിൽ സൃഷ്ടിച്ചത്. അതിന്റെ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടുമില്ല.
പ്രശസ്ത എഴുത്തുകാരനായ ആശാ മേനോൻ അടുത്തകാലത്ത് ബാലചന്ദ്രമേനോനോട് ചോദിച്ചത് -“”കഴിഞ്ഞ ദിവസം ടിവിയിൽ ഞാൻ ഏപ്രിൽ 18 വീണ്ടും കണ്ടു.
ഇത്രയും കാലം കഴിഞ്ഞിട്ടും എങ്ങനെയാണ് സിനിമയ്ക്കു ഇത്രയും ഫ്രഷ്നസ്്?” എന്നാണ്. ഈ ചോദ്യത്തിൽ തന്നെയാണ് ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് നായകൻ ആയി അഭിനയിച്ച് സംവിധാനം ചെയ്ത ഏപ്രിൽ 18ന്റെ വിജയരഹസ്യവും.
സബ് ഇൻസ്പെക്ടർ രവികുമാറിന്റെയും ഭാര്യ ശോഭനയുടേയും ദാന്പത്യബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയാണ് ഏപ്രിൽ 18. സിനിമ വന്നത് 38 വർഷങ്ങൾക്കു മുന്പാണെങ്കിലും 2022ലും പ്രമേയത്തിന്റെ പ്രസക്തി മങ്ങുന്നില്ല.
പ്രണയിച്ച് വിവാഹം കഴിക്കുന്ന ദന്പതിമാർ തമ്മിലുണ്ടാകുന്ന സൗന്ദര്യപ്പിണക്കങ്ങളും ഇടയ്ക്ക് അവരറിയാതെ തന്നെ ഉടലെടുക്കുന്ന ബാഹ്യ ഇടപെടലുകളും ഇത്രയും ഭംഗിയായി പകർത്തിയ മറ്റൊരു സിനിമ വേറെ ഇല്ലെന്നുതന്നെ പറയാം.
ഭാര്യയുടെ അച്ഛനും മരുമകനും തമ്മിലുണ്ടാകുന്ന ചില്ലറ ഉരസലുകൾ, അച്ഛനും ഭർത്താവിനും ഇടയിൽപ്പെടുന്ന ഭാര്യയുടെ അവസ്ഥ ഇതൊക്കെ എല്ലാക്കാലത്തും ഒന്ന് തന്നെയാണ്.
സ്നേഹസന്പന്നനായ അച്ഛൻ മകളെ തന്നിലേക്കും ഭർത്താവ് തന്റെ വഴിയിലേക്കും പിടിച്ചുവലിക്കുന്നതിനെ രസകരമായി ചിത്രത്തിൽ മേനോൻ ചിത്രീകരിച്ചിട്ടുണ്ട്.
വളരെയേറെ സവിശേഷതകൾ ഉള്ള, യാദൃശ്ചികതകൾ സംഭവിച്ച ഒരു സിനിമ കൂടിയാണ് ഏപ്രിൽ 18. മലയാള സിനിമ കണ്ട മികച്ച നടിമാരിൽ ഒരാളായ ശോഭനയെ നായികയായി ആദ്യം അവതരിപ്പിച്ച സിനിമ എന്നതും പ്രധാനമാണ്.
ശോഭന എന്ന പതിമൂന്നുകാരിക്ക് സിനിമാഭിനയത്തിന്റെ തുടക്കത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് നായികയുടെ സ്വന്തം പേരു തന്നെ കഥാപാത്രത്തിനു നൽകിയത്.
ബാലചന്ദ്ര മേനോന്റെ വാക്കുകളിൽ പറഞ്ഞാൽ ശോഭന എന്ന പുതുമുഖ നടിക്ക് “അറ്റ് ഹോം’ എന്ന സുരക്ഷിതമായ അവസ്ഥ തീർക്കാനാണ് കഥാപാത്രത്തിനു നടിയുടെ പേരു തന്നെ നൽകിയത്.
ആദ്യ അഭിനയ സമയത്ത് ഈ പേര് ശോഭനയെ ഏറെ സഹായിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞെങ്കിലും കുട്ടിത്തം വിട്ടുമാറാത്ത ഭാര്യയായി ശോഭന ജീവിക്കുക തന്നെയായിരുന്നല്ലോ.
നായിക നടി മാത്രമല്ല ഏപ്രിൽ 18ലെ എല്ലാ കഥാപാത്രങ്ങളും ഇന്നും മിഴിവോടെ പ്രേക്ഷകരുടെ ഉള്ളിൽത്തന്നെ ഉണ്ട്.
നായകനടനെ മാത്രം അത്ഭുത താരപരിവേഷം നൽകി മറ്റ് കഥാപാത്രങ്ങളെ നിഴലിൽ നിർത്തുന്ന രീതി ബാലചന്ദ്രമേനോൻ സിനിമകളിൽ കാണാറില്ല.
സിനിമയിൽ ചെറിയ വേഷം ചെയ്യുന്നവർ പോലും മിഴിവുറ്റതായി മാറുന്നത് ഇതുകൊണ്ട് തന്നെ. അഴിമതി നാറാപിള്ളയെ അനശ്വരമാക്കിയ അടൂർ ഭാസി, അടൂർ ഭവാനിയുടെ നാണിയമ്മ, ഭരത് ഗോപിയുടെ അഭിനയത്തിന്റെ റേഞ്ച് വെളിവാക്കുന്ന കോൺസ്റ്റബിൾ ഗോപി പിള്ള, ജോസ് പ്രകാശിന്റെ മാർകോസ് മുതലാളി തുടങ്ങിയ കഥാപാത്രങ്ങൾ ഉദാഹരണങ്ങളാണ്.
ഒട്ടേറെ രസകരമായ കഥകളും സിനിമയുമായി ബന്ധപ്പെട്ട് ഉണ്ട്. ഭാര്യയെ കുട്ടാ എന്നും മണിക്കുട്ടാ എന്നും എടാ എന്നുമൊക്കെ വിളിക്കുന്നത് മലയാള സിനിമാസ്വാദകൻ ആദ്യം കേൾക്കുന്നത് ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ്.
പിന്നീട് അതൊരു ശീലമായി, അല്ലെങ്കിൽ രീതിയായി. അതായത് ഭാര്യമാരെ മാത്രമല്ല പ്രണയിനികളേയും കൂട്ടുകാരികളേയുമൊക്കെ മലയാളി എടാ എന്നും കുട്ടാ എന്നും വിളിച്ചു തുടങ്ങി.
ഈ ട്രെൻഡ് കൊണ്ടുവന്നത് തീർച്ചയായും ബാലചന്ദ്ര മേനോനാണ്. അതുവരെ ഇല്ലാതിരുന്ന ഒരു സംബോധനയിലേക്ക് എങ്ങനെ സംവിധായകൻ എത്തി എന്നതിനു പെട്ടെന്ന് മനസിൽ അങ്ങനെ വന്നു എന്നു മാത്രമാണ് സംവിധായകന്റെ മറുപടി.
ഇനി ഏപ്രിൽ 18ലെ ആത്മാംശത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ പറയുന്നത് കേൾക്കാം- “”എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും കൈകോർത്ത് നീങ്ങുകയാണെന്ന് തന്നെ പറയാം.
ഉത്രാടരാത്രി സംവിധാനം ചെയ്യുന്ന സമയത്ത് എനിക്ക് 22 വയസാണ് പ്രായം. ആ സിനിമ ഒരു കോളജ് വിദ്യാർഥിയുടെ ജീവിതമാണ്. എന്റെ വിവാഹം കഴിഞ്ഞ ശേഷം എടുത്ത സിനിമയാണ് ഏപ്രിൽ 18.
ഒരുപക്ഷെ അക്കാലത്ത് എന്റെ വിവാഹം കഴിഞ്ഞില്ലായിരുന്നെങ്കിൽ എനിക്ക് ഈ സിനിമ എടുക്കുവാൻ സാധിക്കുമായിരുന്നില്ല. അത്രയ്ക്ക് സ്വാധീനം എന്റെ ജീവിതം എന്റെ സിനിമകളിൽ ചെലുത്താറുണ്ട്.
എന്റെ അനുഭവങ്ങൾ മാത്രമല്ല ചുറ്റും ഉള്ളവരുടെ ജീവിതവും അനുഭവങ്ങളും സിനിമയ്ക്ക് ആധാരമാകാറുണ്ട്.”ഇതുകൊണ്ടു തന്നെയാണ് പ്രേക്ഷകൻ ഇന്നും ബാലചന്ദ്ര മേനോൻ സിനിമകളെ നെഞ്ചിലേറ്റുന്നതും.
ദൃശ്യങ്ങൾ കൊണ്ടൊരു ആത്മകഥ
ബാലചന്ദ്ര മേനോന്റെ ഫിലിമി ഫ്രൈഡേയ്സ് സീസൺ ത്രീയ്ക്ക് ഏപ്രിൽ 18 ആയ ഇന്ന് തുടക്കം. യുട്യൂബിലൂടെ എല്ലാ വെള്ളിയാഴ്ച സന്ധ്യകളിലും മേനോൻ നടത്തി വന്നിരുന്ന ഫിലിമി ഫ്രൈഡേയ്സിന്റെ രണ്ടു സീസണുകളുടേയും വൻവിജയത്തിനുശേഷമാണ് മൂന്നാമത്തെ സീസൺ തുടങ്ങുന്നത്.
ഉത്രാടരാത്രി മുതൽ എന്നാലും ശരത് വരെയുള്ള സിനിമകളുടെ പിന്നാന്പുറക്കഥകളാണ് സീസൺ ത്രീയിൽ ബാലചന്ദ്രമേനോൻ പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത്.
സ്വതസിദ്ധമായ ശൈലിയിൽത്തന്നെ ഏപ്രിൽ 18നെക്കുറിച്ചും ബാലചന്ദ്രമേനോൻ വരും എപ്പിസോഡുകളിൽ സംസാരിക്കും.