മലപ്പുറം: അല്ലു അർജുന്റെ സിനിമയെക്കുറിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട നിരൂപകയും സാമൂഹികപ്രവർത്തകയുമായ അപർണ പ്രശാന്തിയുടെ ഫേസ്ബുക്ക് പേജിൽ വധഭീഷണിയും അശ്ലീല കമന്റുകളും നടത്തിയ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
പെരിന്തൽമണ്ണ എസ്ഐ ടി.എസ്.ബിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സൈബർസെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കൽ, ഭീഷണി തുടങ്ങിയവയ്ക്കുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അന്വേഷണം.
അങ്ങാടിപ്പുറം സ്വദേശിയും പ്രശസ്ത എഴുത്തുകാരിയുമായ പ്രഫ. പി. ഗീതയുടെ മകളും ഗവേഷക വിദ്യാർഥിയുമായ അപർണയുടെ ഫേസ്ബുക്ക് വോളിലാണ് ഭീഷണി നിറഞ്ഞത്. അല്ലു അർജുന്റെ പുതിയ ഡബ്ബിംഗ് ചിത്രം “എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ’ കണ്ടു തലവേദനയെടുത്തു എന്ന അപർണ പ്രശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് അല്ലു ആരാധകർ അസഭ്യവർഷവുമായി രംഗത്തെത്തിയത്.
ഡബ്ബിംഗ് സൃഷ്ടിച്ച ആസ്വാദനത്തിലെ പ്രശ്നങ്ങളും മഴ മൂലം തീയറ്ററിൽ കുടുങ്ങിയതും കൂടിയായപ്പോൾ ആകെ തലവേദനയായി എന്നു ഫേസ് ബുക്കിൽ പോസ്റ്റിടുകയായിരുന്നു അപർണ.
ആദ്യമൊക്കെ അവഗണിച്ചെങ്കിലും അസഭ്യവും അപമാനവും അസഹനീയമായപ്പോൾ ഹൈ ടെക് സെല്ലിൽ പരാതി കൊടുക്കുകയായിരുന്നു. ഇൻബോക്സിലും കമന്റിലും വരുന്ന അവഹേളനങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതം അപർണ മലപ്പുറം സൈബർസെല്ലിലും ഹൈടെക് സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, തന്റെ നേരെ ആരാധകർ നടത്തിയ സൈബർ ആക്രമണത്തിൽ അല്ലു അർജുൻ ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ക്ഷമ ചോദിച്ചതായി അപർണ അറിയിച്ചു.