ചാവക്കാട്: ചിറകുകൾക്കൊപ്പം നാലുകാലുള്ള വെളുത്തമീൻ. കാലുകൾ മുറിച്ചാൽ വീണ്ടും വരും. കേൾക്കുന്പോൾ അതിശയം തോന്നാം. എടക്കഴിയൂർ പഞ്ചവടി കടപ്പുറത്താണ് അദ്ഭുതപ്പെടുത്തുന്ന ഈ അപൂർവമത്സ്യം.
ഇത് മാത്രമല്ല 120തിൽ അധികം വരുന്ന കൂറ്റൻ അക്വേറിയത്തിലായി വിദേശികളും സ്വദേശികളുമായി മത്സ്യകൂട്ടങ്ങൾ, കണ്ണുനിറയെ കാണാം. അവക്കിടയിലൂടെ നടക്കാം. വലിയ മത്സങ്ങൾ നമ്മുടെ തലയ്ക്ക് മുകളിലൂടെ കടന്നുപോകുന്പോൾ കുട്ടികൾ മാത്രമല്ല മുതിർന്നവരും അദുഭതത്തോടെ നോക്കും.
പ്രവാസികളുടെ കൂട്ടായ്മയിൽ ഉയർന്ന സിസോ മറൈൻ വേൾഡ് എന്ന അക്വേറിയ സമുച്ചയത്തിലാണ് മത്സ്യങ്ങളുടെ പുത്തൻലോകം ഒരുക്കിയിരിക്കുന്നത്. വിദേശത്ത് രൂപംകൊണ്ട സ്വപ്നപദ്ധതി ഇന്ന് യാഥാർഥ്യമാകുകയാണ്.
പഞ്ചവടി കടൽതീരത്ത് അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് ഹരിതഭംഗിയിൽ അക്വേറിയം മാത്രമല്ല, പക്ഷികളുടെ പാർക്ക്, കുട്ടികൾക്ക് കളിസ്ഥലം, പ്രായവ്യത്യാസമില്ലാതെ ഉല്ലസിക്കാം, കാണാം, പഠിക്കാം. അകത്ത് കടന്നാൽ മറ്റൊരു ലോകമാണ്.
പ്രവാസ ജീവിതത്തിന്റെ അവസാനത്തിൽ നാട്ടിലൊരു സംരംഭം വേണമെന്ന ചിന്തിയിൽനിന്നാണ് ലോക അക്വേറിയത്തിലേക്ക് എത്തിയത്. വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന 42 പ്രവാസികളുടെ കൂട്ടായ്മയാണ് സിസോ മറൈൻ വേൾഡ്.
ലോകത്തര ദൃശ്യവിസ്മയം കടലോരത്ത് തുറക്കുന്നത് കടലിനടിയിലെ അദ്ഭുത ലോകത്തിലേക്കാണ്. പ്രവാസികൾ ഒരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അക്വേറിയം.
കോടികൾ മുടക്കി മത്സ്യങ്ങളുടെ അദ്ഭുതലോകം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുറക്കും. കെ.വി. അബ്ദുൾ ഖാദർ എംഎൽഎ അധ്യക്ഷനായിരിക്കും.
കേന്ദ്രമന്ത്രി വി. മുരളീധരൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആർ.ഒ. ഫൈസൽ, നൗഷാദ് മുഹമ്മദ്, ആർ.ഒ. ഇസ്മായിൽ, അബ്ദുൾ മജീദ്, എം. റൗഫ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.