ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്ന അക്വേറിയം സിനിമയുടെ റിലീസിംഗിന് അനുമതി നൽകുന്ന കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനു ഡൽഹി ഹൈക്കോടതിയുടെ നിർദേശം.
റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ജെസി മാണി നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
മതവികാരം വൃണപ്പെടുത്തുന്നതെന്നു ചൂണ്ടിക്കാട്ടി 2013ൽ സെൻസർ ബോർഡ് അനുമതി നിഷേധിച്ച “പിതാവിനും പുത്രനും’ എന്ന ചിത്രം പേരുമാറ്റിയാണ് “അക്വേറിയം’ എന്നാക്കിയിരിക്കുന്നതെന്ന് ഹർജിക്കാരിക്കുവേണ്ടി അഭിഭാഷകരായ ജോസ് ഏബ്രഹാമും ദീപ ജോസഫും ചൂണ്ടിക്കാട്ടി.
സമാനമായ ഒരു ഹർജിയിൽ സിനിമ റിലീസ് ചെയ്യുന്നതു കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
എന്നാൽ, ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ (ഒടിടി) സിനിമ പ്രദർശിപ്പിക്കുന്നതിനു നിലവിൽ യാതൊരു അനുമതിയുടെയും ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
ഒടിടി പ്ലാറ്റ്ഫോമിലെ സിനിമ പ്രദർശനം വേണ്ടരീതിയിൽ പരിശോധിക്കണമെന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിട്ടുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങൾ പരിഗണിച്ചു അടിയന്തരമായി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോടു നിർദേശിച്ച കോടതി, ഹർജി തീർപ്പാക്കുകയും ചെയ്തു.