ഗാന്ധിജയന്തിയുടെ ദിനത്തില്‍ മാത്രം രാഷ്ട്രപിതാവിനെ അനുസ്മരിക്കുകയും ആദരവര്‍പ്പിക്കുകയും ചെയ്യുന്ന പതിവാണ് പൊതുവെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കുള്ളത്. വൈഷ്ണവ് ജനതോ എന്ന ഗാനമൊക്കെ വൃത്തിയായി പാടാന്‍ അറിയാവുന്നവര്‍ വളരെ ചുരുക്കവുമാണ്.
എന്നാലിപ്പോഴിതാ ഗാന്ധിജയന്തി ദിനത്തില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയ്ക്ക് ആദരവര്‍പ്പിച്ചുകൊണ്ടുള്ള അറബി ഗായകന്റെ പാട്ട് വൈറലായിരിക്കുന്നു.
സൗദി ഗായകനായ അഹമദ് അല്‍മയ്മാനി ആണ് മഹാത്മാ ഗാന്ധിയുടെ പ്രിയങ്കര ഗാനമായ വൈഷ്ണവ് ജനതോ പാടിയത്. ഗുജറാത്തി ഭാഷയിലുള്ളതാണ് ഈ ഗാനം. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനമായ ഒക്ടോബര്‍ രണ്ടിനാണ് ഗാനം പുറത്തുവന്നത്.
അറേബ്യന്‍ സംസ്‌കാരവും ഇന്ത്യന്‍ സംസ്‌കാരവും കൂട്ടിയിണക്കിയാണ് ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. ഗാന്ധി ചിത്രത്തിന് മുന്നിലും റിയാദിലെ ഇന്ത്യന്‍ എമ്പസിക്കു മിന്നിലും ആയി നിന്നു കൊണ്ട് പാടുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
മക്കയും സൗദിയിലെ ഇന്ത്യാക്കാരും ഗാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഇന്ത്യന്‍ സ്വദേശികളായിരുന്നു. ശങ്കര്‍ കേശവനാണ് ഗാനം സംവിധാനം ചെയ്തത്. മിഥുന്‍ വാസുദേവ് ആണ് മിക്സിങ്ങ്.
അതുപോലെതന്നെ യാസിര്‍ ഹബീബ് എന്ന യുഎഇ ഗായകന്‍ ആലപിച്ച ഗാനവും വൈറലായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്തും മലയാളിയുമായ മധു പിള്ളയാണ് ഈ ഭജന്‍ പാടാന്‍ യാസിറെ സഹായിച്ചത്. യുഎഇയില്‍ നിരവധി ആരാധകരുള്ള ഗായകനാണ് യാസിര്‍.
https://youtu.be/f8NEJ8QE7BE