റിയാദ്: മതനിയമങ്ങളിലും സ്ത്രീ സ്വാതന്ത്ര്യത്തിലുമുള്ള യാഥാസ്ഥിതിക സമീപനങ്ങളിൽ ഇളവു വരുത്തിത്തുടങ്ങിയ സൗദി അറേബ്യയിൽ നിന്ന് ആദ്യ ബഹിരാകാശ യാത്രിക ഈ വർഷം യാത്രയ്ക്കൊരുങ്ങുന്നു.
റയാന ബർണവിയാണ് അറബ് രാജ്യത്തിന്റെ ചരിത്രത്തിലിടം നേടാനുള്ള യാത്രയ്ക്ക് തയാറെടുക്കുന്നത്. സൗദിയുടെ തന്നെ യാത്രികൻ അലി അൽ ഖർണിക്കൊപ്പം യുഎസിൽ നിന്നാകും യാത്ര.
യുഎസിൽ നിന്നുള്ള എഎക്സ്-2 ബഹിരാകാശ ദൗത്യത്തിനൊപ്പം ചേരുന്ന ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് യാത്ര നടത്തുന്നത്. ഈ വർഷം രണ്ടാംപാദത്തിലാകും യാത്ര.
2019ൽ ഹസ്ന അൽ മൻസൂരി എന്ന യാത്രികനിലൂടെ യുഎഇ സ്വന്തം പൗരനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ അറബ് രാജ്യമായി മാറിയിരുന്നു.
ഈ മാസം അവസാനം യുഎഇയുടെ സുൽത്താൻ അൽ നെയഡിയും ബഹിരാകാശ യാത്രയ്ക്കു തയാറെടുക്കുകയാണ്.
ആറു മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ആദ്യ അറബ് യാത്രികനെന്ന ബഹുമതി സ്വന്തമാക്കിയാകും നെയഡി മടങ്ങുക.
ഇതിനിടെയാണ് സൗദിയിൽ നിന്നൊരു വനിത ബഹിരാകാശ യാത്രയ്ക്കു തയാറെടുക്കുന്നത്. 2017ൽ അധികാരമേറ്റതു മുതൽ രാജ്യത്തെ യാഥാസ്ഥിതിക- മത നിബന്ധനകൾ പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.
പുരുഷന്മാരുടെ തുണയില്ലാതെ സ്ത്രീകൾക്ക് വാഹനമോടിക്കാനും വിദേശയാത്ര നടത്താനും സൗദി നേരത്തേ അനുമതി നൽകിയിരുന്നു.
2016നു ശേഷം സൗദിയിലെ തൊഴിൽമേഖലയിൽ സ്ത്രീ പ്രാതിനിധ്യം 17 ശതമാനത്തിൽ നിന്ന് 37 ശതമാനമായി ഉയർത്തിയതും സൽമാന്റെ ഇടപെടൽ മൂലമാണ്.