അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് അറബിക്കടലിൽ വൻ മയക്കുമരുന്നു വേട്ട.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 760 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ഹാഷിഷും ഐ മെത്ത് എന്നറിയപ്പെടുന്ന മെതാംഫെറ്റമീനും ഹറോയിനും ഉൾപ്പെടെ അന്താരാഷ് ട്ര വിപണിയിൽ 2,000 കോടിരൂപ വിലവരുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതെന്ന് എൻബിസി പത്രക്കുറിപ്പിൽ അറിയിച്ചു.
എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിൻഹിന്റെ നേതൃത്വത്തിൽ നാവികസേനയുടെ സഹായത്തോടെ ആഴ്ചകളോളം നീണ്ട ഓപ്പറേഷനാണ് ഇന്നലെ വിജയത്തിലെത്തിയത്.
അയൽരാജ്യത്തുനിന്നും കടലിലൂടെ ഇന്ത്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തുന്നതായി രഹസ്യാന്വേഷ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഗുജറാത്ത് തീരത്തുനിന്നും 200 നോട്ടിക്കൽ മൈൽ അകലെവച്ചാണ് മയക്കുമരുന്ന് സംഘത്തെ കണ്ടെത്താനായത്.
നാവികസേനയുടെ ബോട്ട് ശ്രദ്ധയിൽപ്പെട്ടതോടെ ഒരു ബോട്ട് കടലിൽത്താഴ്ത്തി. മറ്റൊന്ന് ഉപേക്ഷിക്കുകയും ചെയ്തു.
നടുക്കടലിൽനിന്ന് ആദ്യമായാണ് ഇത്തരത്തിൽ മയക്കുമരുന്നു പിടികൂടിയതെന്ന് എൻസിബി ഡറക്ടർ ജനറൽ എസ്.എൻ. പ്രഥാൻ പറഞ്ഞു.