പഴയങ്ങാടി: അറബിയുടെ സഹായധനം വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു. ചെങ്ങൽ സ്വദേശിനിയായ പോള നാരായണി (62) യുടെ രണ്ടരപവൻ സ്വർണമാലയാണ് യുവാവ് തട്ടിയെടുത്തത്. ഇന്നു രാവിലെ 9.30 ഓടെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയോട് പരിചയപ്പെട്ട യുവാവ് വീട്ടുകാര്യങ്ങളും മറ്റും ചോദിച്ച് അടുപ്പ് കാട്ടുകയായിരുന്നു. സന്പന്നായ ഒര് അറബി കണ്ണൂരിലെ നിർധനരായ രോഗികൾക്ക് ചികിത്സയ്ക്കായി പണം നൽകുന്നുണ്ടെന്നു വിശ്വസിപ്പിക്കുകയായിരുന്നു. താൻ അരലക്ഷത്തോളം രൂപ അറബിയിൽ നിന്നും വാങ്ങിത്തരുമെന്നും യുവാവ് പറഞ്ഞു.
അറബി ആശുപത്രിയിലെത്തിയിട്ടുണ്ടന്നും സ്വർണമാലയോ മറ്റ് ആഭരണങ്ങളോ ഉള്ളവർക്ക് സഹായം നൽകില്ലെന്നതിനാൽ മാല ഊരിവെക്കണമെന്നും നിർദേശിച്ചു. പിന്നീട് തന്ത്രപൂർവം മാല കൈക്കലാക്കിയ യുവാവ് അറബിയെ വിളിച്ചു കൊണ്ടുവരാമെന്നു പറഞ്ഞ് ബൈക്കിൽ കടന്നു കളയുകയായിരുന്നെന്ന് പറയുന്നു.