മങ്കൊന്പ്: കുട്ടനാട്ടിൽ ’ ഉൗത്ത ’ വീശാൻ അറബിനാട്ടിൽ നിന്നും ഇറക്കുമതി ചെയ്ത വീശുവല. പുന്നക്കുന്നംപുളിങ്കുന്ന് റോഡരികിലെ ചേപ്പിലാക്കൽ ശങ്കരമംഗലം പാടത്തിൽ നടന്ന അപൂർവ മൽസ്യബന്ധനമാണ് നാട്ടുകാർക്കു കൗതുകമായത്. റോഡരികിലുള്ള മോട്ടോർ ചാലിൽ നിന്നും നിമിഷനേരംകൊണ്ട് മീനുകൾ പെറുക്കിക്കൂട്ടുന്നതുകണ്ട് നാട്ടുകാർ മാത്രമല്ല, അതുവഴി കടന്നുപോയ വാഹനയാത്രക്കാരും അൽപമൊന്നു നിന്നു.
കുറുന്പനാടം സ്വദേശിയായ സുനിലെന്ന യുവാവാണ് അറബിവല നാട്ടുകാർക്കു പരിചയപ്പെടുത്തിയത്. റിയാദിൽ ജോലിചെയ്യുന്ന സുനിൽ അവധിക്കു പുന്നക്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിയപ്പോൾ ഒപ്പം അറബിവലയും കൊണ്ടുവന്നു. പന്പിംഗ് അവസാനഘട്ടത്തിലെത്തി നിൽക്കുന്ന സമയമായതിനാൽ പാടത്ത് ധാരാളം മീനുണ്ടാകുമെന്ന് അറിയാമായിരുന്നു.
റോഡരികിലെ തോട്ടിൽ വെറുതെയൊന്നു വലയെറിഞ്ഞപ്പോൾ വലനിറയെ പള്ളത്തിയും മറ്റു ചെറുമീനുകളും. അപൂർവ കാഴ്ചകാണാൻ നിമിഷങ്ങൾക്കകം ആളുകൾ ചുറ്റും കൂടി.കുറുന്പനാടത്തെ തന്റെ മത്സ്യക്കുളത്തിൽ വിളവെടുപ്പിനായിട്ടാണ് സുനിൽ വല വാങ്ങിയത്. ഗൾഫ് നാടുകളിൽ കടലിന്റെ ആഴം കുറഞ്ഞ പ്രദേശത്തു മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലയാണിത്.
വലയോടു കൗതുകം തോന്നിയതോടെ 4300 ഇന്ത്യൻ രൂപ വിലവരുന്ന വല ഓണ്ലൈൻ വഴിയാണ് സ്വന്തമാക്കിയത്. കുട്ടനാട്ടിൽ ഉപയോഗിക്കുന്ന വീശുവലപോലെ തന്നെയാണെങ്കിലും അതിന്റെ പകുതിയോളം മാത്രമെ വലിപ്പമുള്ളു. കുട്ടനാട്ടിലെ വല വീശണമെങ്കിൽ നല്ല പരിചയം വേണം. എന്നാൽ കുട്ടികൾക്കു വരെ വീശി മീൻപിടിക്കാമെന്നതാണ് അറബിവലയുടെ പ്രത്യേകത. വലയ്്്ക്കുള്ളിൽ ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്ലാസിറ്റിക് വളയമുണ്ട്.
ഈ വളയത്തിൽ പിടിച്ച് ലക്ഷ്യസ്ഥാനത്തേയ്്ക്ക് വെറുതെ എറിഞ്ഞാൽ മതി.. വലവീശാൻ പഠിച്ചുകഴിഞ്ഞു… സമയലാഭമാണ് മറ്റൊരു മേൻമ. സാധാരണ വീശുവല വീശി കുടയണമെങ്കിൽ കുറഞ്ഞത് അഞ്ചു മിനിറ്റെങ്കിലും വേണം. അറബിവലയാകട്ടെ ഒരു മിനിറ്റിനുള്ളി വീശിക്കുടയാം. വളരെ പരിമിതമായ സ്ഥലത്തും ഈ വലയുപയോഗിച്ചു മത്സ്യബന്ധനം നടത്താം. ചീനവല സ്വന്തമാക്കിയ മലയാളി സമീപഭാവിയിൽ അറബിവലയും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയാലും അത്ഭുതപ്പെടാനില്ല.