ജിദ്ദ: അറഫ മൈതാനത്തെ വിശ്വാസസാഗരമാക്കി ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമത്തിനു തുടക്കമായി. മിനായിൽ ഇന്നലെ രാത്രി ചെലവഴിച്ച തീർഥാടകർ ഇന്നു പുലർച്ചെ അറഫ മലയെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങുകയായിരുന്നു.
നമീറ പള്ളിയും അറഫാ നഗരിയും ഉച്ചയോടെ തീർഥാടകരെക്കൊണ്ട് നിറഞ്ഞു. ഇന്ന് പകൽ മുഴുവൻ പ്രാര്‍ഥനകളുമായി അവർ അറഫയിൽ ചെലവഴിക്കും.
മുഹമ്മദ് നബി ഹജ്ജില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയശേഷം ഇവിടെ വച്ച് കാരുണ്യത്തിനായി ദൈവത്തോട് പ്രാര്‍ഥിച്ചെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്നത്.
ഉച്ചനമസ്കാരത്തിന് മുന്നോടിയായി പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം അറഫാ പ്രഭാഷണം നടത്തും. ളുഹര്‍, അസര്‍ നമസ്കാരങ്ങൾ അറഫയില്‍ നിര്‍വഹിക്കുന്ന ഹാജിമാര്‍ സൂര്യാസ്തമനത്തിനുശേഷം മുസ്ദലിഫയിലേക്ക് പോകും.
രാത്രി അവിടെ ചെലവഴിക്കുന്ന തീര്‍ഥാടകര്‍, ചെകുത്താനെ എറിയുന്നതിനുള്ള കല്ലുകൾ ശേഖരിക്കും.ബലി പെരുനാൾ ദിവസം ബലികര്‍മവും മുടി മുറിക്കലും നടത്തും. തുടര്‍ന്ന് ജംറയിലെ ആദ്യ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ അവസാനിക്കും.
തുടര്‍ന്ന് ഹറം പള്ളിയിലേക്കെത്തുന്ന തീര്‍ഥാടകര്‍ സഫ, മര്‍വ മലകൾക്കിടയില ഓട്ടം പൂര്‍ത്തീകരിച്ച് മിനായിലേക്ക് മടങ്ങും. മൂന്ന് ദിവസം മിനായില്‍ രാപാര്‍ത്ത് ഹജ്ജിന്റെ ചടങ്ങുകൾ പൂര്‍ത്തീകരിക്കും.
ശനിയാഴ്ച വിടവാങ്ങൽ പ്രദക്ഷിണം നിര്‍വഹിച്ച് ഹാജിമാര്‍ മക്കയോട് വിട പറയും. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ നാളെയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.