കണ്ണൂർ: സാഹോദര്യം, മാനവികത, ക്ഷേമം, സുരക്ഷിതത്വം, പ്രകൃതിക്ഷോഭങ്ങളിലെ ഒത്തൊരുമിച്ച അതിജീവനം, പാരസ്പര്യം എന്നിവയ്ക്കായി നിലകൊള്ളുമെന്ന് അറയ്ക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി. സ്ഥാനമേറ്റെടുത്ത ഉടനെ നൽകിയ സന്ദേശത്തിലാണ് അറയ്ക്കൽ ബീവി ഇക്കാര്യം വ്യക്തമാക്കിയത്.
നൂറ്റാണ്ടുകളായി ഈ നാട്ടിൽ നാഗരികതകളുടെ ഉത്ഥാനങ്ങൾക്കും പതനങ്ങൾക്കും സാക്ഷിയായ ഏറെക്കാലം രാഷ്ട്രീയ സാമൂഹിക അധികാര സ്ഥാനം അലങ്കരിക്കാനും നാടിനെ സേവിക്കാനും അനുഗ്രഹം ലഭിച്ച പൂർവിക പാരമ്പര്യമാണ് നമുക്കുള്ളത്.
ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുഴുവൻ മനുഷ്യരോടും സമഭാവനയോടെ സഹവർത്തിച്ച ചരിത്രമാണ് അറക്കൽ രാജ കുടുംബത്തിന്റേത്. എല്ലാ ജീവജാലങ്ങളോടും നീതിയും ക്ഷേമവും മുൻ നിർത്തിയാണ് നമ്മുടെ നിലപാടുകൾ രൂപപ്പെട്ടിട്ടുള്ളത്.
നേരത്തെ സ്ഥാനിയായിരുന്ന പരേതരായ ആദിരാജ സൈനബ് ആയിഷബി, ആദിരാജ ഫാത്തിമ മുത്ത് ബീവി എന്നിവർ തുടങ്ങിവെച്ച സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ടു കൊണ്ടുപോകും. മകൻ അബ്ദുൾ ഷുക്കൂറായിരിക്കും പ്രതിനിധിയായി പ്രവർത്തിക്കുകയെന്നും അവർ സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിലെ ഏക മുസ്ലിം രാജകുടുംബമായ കണ്ണൂർ അറയക്കൽ വംശത്തിന്റെ 40ാമത് സ്ഥാനിയായി ഇന്നലെ വൈകുന്നേരമാണ് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി ചുമതലയേറ്റത്. സിറ്റി അറക്കൽ കെട്ടിലെ ബീവിയുടെ സ്വവസതിയായ ‘അൽമാർ മഹലിൽ’ നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങിലായിരുന്നു അറക്കയ്ൽ രാജകീയ പാരമ്പര്യമനുസരിച്ചുള്ള സ്ഥാനാരോഹണം.