തെന്മല: ബിജെപിയുടെ മലയോര ജനപക്ഷ യാത്ര ആര്യങ്കാവിൽ നിന്ന് പര്യടനം തുടങ്ങിയ ദിവസം തന്നെ ആര്യങ്കാവ് പഞ്ചായത്തിലെ ബി ജെ പി നേതാക്കൾ രാജിവച്ചു. ബിജെപി ആര്യങ്കാവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് ബി ഉത്തമനും പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബിനീഷ് വിജയനുമാണ് രാജിവച്ചത്.
പുനലൂർ നിയോജക മണ്ഡലം സമിതിയിലെ നേതൃത്വവുമായി യോജിച്ച് പോകാൻ കഴിയാത്ത വിധമാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങളെന്നാണ് ബി ഉത്തമൻ പറയുന്നത്. ദീർഘകാലമായി ബിജെപി പ്രവർത്തകരാണിവർ.
ബിജെപി പുനലൂർ പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലയോര ജനപക്ഷ യാത്ര ഇന്നലെ വൈകുന്നേരം ആര്യങ്കാവിൽ നിന്ന് തുടങ്ങിയത്. ജാഥ തുടങ്ങിയിടത്ത് തന്നെ നേതാക്കളുടെ രാജി ബിജെപിക്ക് നാണക്കേടായി.