ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കള്ളുചെത്ത് തൊഴിലാളിക്കു പരിക്ക്. അമ്പലക്കണ്ടി സ്വദേശി തേക്കിലകാട്ട് ടി.കെ. പ്രസാദിനാണ് (50) കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം ബ്ലോക്ക് മൂന്നിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. കള്ളുചെത്താൻ പോയ പ്രസാദിനെ രാത്രി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. വാരിയെല്ലിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുനരധിവാസ മേഖലയിൽ കാട്ടാന വൃദ്ധദമ്പതികളായ വെള്ളി, ലീല എന്നിവരെ ചവിട്ടി കൊന്നത്. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുൻപാണ് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് പരിക്ക് പറ്റിയിരിക്കുന്നത്.