ഇരിട്ടി: പീഡന പരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയതിന് പിന്നാലെ ആറളം ഫാം പുനരധിവാസ മേഖലയിലെ 17 കാരി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍.
പോലീസിന്റെ ഇടപെടലില്‍ വീഴ്ചയുണ്ടായതാണ് മകള്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ആറളം ഫാമിൽ
ആറളം ഫാമിലെ പതിനേഴുകാരിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തവണ ആറളം ഫാം സ്കൂളില്‍ നിന്നും എസ്എസ്എല്‍സി കഴിഞ്ഞതായിരുന്നു.
ചൈൽഡ് ലൈനിൽ പരാതി
സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിൽ പെണ്‍കുട്ടി വീട്ടിനടുത്തുള്ള ബന്ധുവും രണ്ട് മക്കളുടെ പിതാവുമായ ഒരാളുമായി സ്നേഹത്തിലായിരുന്നുവെന്ന് പറഞ്ഞിരുന്നു.
ഇയാള്‍ വീട്ടില്‍ വരാറുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ചൈല്‍ഡ് ലൈനില്‍ പരാതിയായി എത്തി.
പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ ആറളം പോലീസിന് നിര്‍ദ്ദേശം നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഒരു പരാതിയും ഇല്ലെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയതെന്ന് പോലീസ് പറഞ്ഞിരുന്നു.
അന്ന് വൈകുന്നേരം അഞ്ചോടെ വീട്ടിനുളളില്‍ മുറിയില്‍ കയറി പെൺകുട്ടി വാതിലടച്ച് തൂങ്ങി മരിക്കുകയായിരുന്നു.