തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനം. അരളിപ്പൂവില്‍ നിന്നും വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ നിര്‍ണായക തീരുമാനം. ഇനി മുതല്‍ പൂജയ്ക്ക് അരളി ഉപയോഗിക്കുന്നതില്‍ തടസമില്ല. എന്നാല്‍ നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല.
തിരുവതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. സമൂഹത്തില്‍ നിലവില്‍ ഉയർന്ന് വന്നിരിക്കുന്ന ആശങ്ക പരിഗണിച്ചാണ് ഈ തീരുമാനം. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും.
ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം ചര്‍ച്ചയായത്. ഫോൺ ചെയ്യുന്നതിനിടെ മുറ്റത്തുള്ള അരളിച്ചെടിയില്‍ നിന്ന് പൂവോ ഇലയോ യുവതി അബദ്ധത്തില്‍ കഴിച്ചു, ഇതോടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയം.
ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ സൂര്യയുടെ മരണത്തോടെ അരളിപ്പൂവ് വിഷമാണ് എന്ന നിലയിലുള്ള പ്രചാരണം ശക്തമായി. ഇതിന് പിന്നാലെ പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിനും അരളിപ്പൂവാണ് കാരണമെന്ന സംശയവും ഉയര്‍ന്നുവന്നു.