കോട്ടൂർസുനിൽ
കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ അറിയാത്ത മലയാളികൾ ഇല്ല. തന്നെ നിഷ്ഠൂരം കൊന്ന വിടനായ പൂജാരിയെ വകവരുത്തുകയും പിന്നെ നാട്ടുകാർക്കും യാത്രക്കാർക്കും പേടിസ്വപ്നമായി മാറി ഒടുവിൽ തളയ്ക്കപ്പെടുകയുംചെയ്ത യക്ഷി, ഒരു കഥയായിരിക്കാം. എന്നാൽ ആ യക്ഷി വാണ കള്ളിയങ്കാട് പ്രശസ്തമാണ്.
ആ പ്രശസ്തിക്കും അപ്പുറം ഈ മലനിരകൾ ഉയർന്നുനിൽക്കുന്നത് തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ടാണ്. നിരവധി പടയോട്ടങ്ങളും പോരാട്ടങ്ങളും നടന്ന ഈ ഭൂമിയിൽ നിരവധിപ്പേർ വീഴുകയും വാഴുകയും ചെയ്തു. പുതിയ കാലത്തിൽ ലോകചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ് പശ്ചിമഘട്ടത്തിലെ ഈ വനം.
ആരുവായ്മൊഴി
അരൾവായ്മൊഴി എന്നും ആരുവായ്മൊഴി എന്നും അറിയപ്പെടുന്ന സ്ഥലം ഇതാ ലോകപ്രശസ്തമാകാൻ പോകുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുത ഉത്പാദന കേന്ദ്രം എന്ന നിലയിൽ. ഭാരതത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ കാൽ ശതമാനവും ഇനി ഇവിടെനിന്നാകും.
പഴയ തിരുവിതാംകൂറിലും ഇപ്പോൾ കന്യാകുമാരി ജില്ലയിലും പെട്ട ഈ സ്ഥലം കാറ്റാടിപ്പാടങ്ങളാൽ നിറഞ്ഞതാണ്. കാറ്റിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാരമ്പര്യരേതര ഊർജപദ്ധതി വഴി കിട്ടുന്നത് 1500 മെഗാവാട്ടാണ്. പ്രകൃതിക്ക് ഒരു കോട്ടവും വരുത്താതെ നിരന്തരമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ലോകത്തിനുതന്നെ ഒരു മാതൃകയായി ഐക്യരാഷ്ട്രസഭ എടുത്തുകാണിക്കുകയാണ്.
അൽപ്പം ചരിത്രത്തിലേക്ക്
പഴയ പാണ്ഡ്യരാജ്യത്തിന്റെയും വേണാടിന്റെയും അതിർത്തിയാണ് ആരുവായ്മൊഴി. വേണാട് തിരുവിതാംകൂർ ആയപ്പോൾ അതിർത്തി അങ്ങ് കന്യാകുമാരി കടൽ വരെ വ്യാപിച്ചു. പാണ്ഡ്യരാജാക്കന്മാർ ആക്രമണം നടത്തിയത് ഈ വഴിയാണ്. മറവന്മാർ കൂട്ടത്തോടെ വന്ന് നാട്ടിൽ കൊള്ളയടി നടത്തിയിരുന്നതും ആരുവായ്മൊഴി വഴിയാണ്. പഴയ രാജപാതയാണിത്. കച്ചവടക്കാരുടെ പാത കൂടിയാണിത്.
നാഗർകോവിലിനടുത്ത് ചുങ്കാൻ കടയിൽനിന്ന് ആരംഭിക്കുന്ന പാത ചെന്നു ചേരുന്നത് തിരുനെൽവേലിയിലാണ്. മധുര തലസ്ഥാനമാക്കിയിരുന്ന പാണ്ഡ്യരാജാക്കന്മാരുടെ പടകളും വേണാട് പടകളും പോരാട്ടം നടത്തിയത് ഇവിടെവച്ചാണ്. കാലം മാറി. വേണാട് തിരുവിതാംകൂറായി. അനിഴം തിരുനാൾ മാർത്താണ്ഡവർമ രാജാവായപ്പോൾ തക്കലയായി തലസ്ഥാനം.
അന്നാണ് മറവപ്പടയെ തകർക്കാനും പാണ്ഡ്യന്മാരെ തുരത്താനും തീരുമാനിച്ച് ഇവിടെ കോട്ട പണിതത്. കുളച്ചൽ യുദ്ധത്തിൽ പിടികൂടുകയും ഒടുവിൽ തലവനായി മാറുകയും ചെയ്ത ഡിലനോയി താൽപ്പര്യമെടുത്താണ് കോട്ട പണിതത്. അങ്ങിനെ ആക്രമണം തണുത്തു.
പടയോട്ടങ്ങൾ നടത്തി വിജയം കൊണ്ട തിരുവിതാംകൂർ സേന കൊന്നവരെ കൊണ്ടിടുന്നത് ഈ താഴ് വാരത്തായിരുന്നു. യക്ഷി കൊന്നതാണെന്ന് പറയുകയും ചെയ്യും. 1809ൽ ഈ കോട്ട ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തു. അങ്ങിനെ രാജാക്കന്മാർ തമ്മിലുള്ള പടയോട്ടങ്ങൾ നിലച്ചു.
കാടുകളിൽ വിളയുന്ന സുഗന്ധവ്യഞ്ജനങ്ങളും തേക്കുതടികളും ഈ പാത വഴിയാണ് ബ്രിട്ടീഷുകാർ കടത്തിയിരുന്നത്. അഗസ്ത്യമല വഴി ഉണ്ടായിരുന്ന പഴയ പാതയും ഈ പാതയും തമ്മിൽ ചേർന്നിരുന്നത് കളക്കാട് വച്ചാണ്.
ഊർജത്തിന്റെ ഉറവിടമാകുന്നു
മൂന്ന് സാഗരങ്ങളും സംഗമിക്കുന്ന കന്യാകുമാരി അടുത്ത്. വീശിയടിക്കുന്ന കാറ്റ് രണ്ടു മലകളുടെയും ഇടയ്ക്കുള്ള ഈ ചുരത്തിൽ വന്നണയുന്നു. മൺസൂൺ ആരംഭിക്കുന്നതുപോലും ഈ പശ്ചിമഘട്ട വനഭൂമിയിലൂടെയാണെന്നത് ശാസ്ത്രസത്യം. കാറ്റ് എത്തുന്നത് കോട്ടപോലെ കിടക്കുന്ന പശ്ചമിഘട്ടത്തിൽപ്പെടുന്ന വനത്തിലൂടെയാണ്. അങ്ങിനെ എത്തുന്ന കാറ്റാണ് വൈദ്യുതിയായി മാറുന്നത്.
പിന്നോക്കഗ്രാമമായ മുപ്പന്തൽ എന്ന പ്രദേശത്ത് പരീക്ഷണ അടിസ്ഥാനത്തിൽ ഒരു വിൻഡ് ഫാം തുടങ്ങി. അത് വിജയമായി. പിന്നെ തുടരെതുടരെ വിൻഡ് ഫാമുകൾ തലപൊക്കി. സർക്കാരും സ്വകാര്യസംരംഭകരും എത്തി ഏക്കറുകണക്കിന് ഭൂമിയിൽ ഫാമുകൾ ഉയർത്തി.
ഇതു വഴി കിട്ടുന്ന വൈദ്യുതി തമിഴ്നാട് വൈദ്യുതി ബോർഡിന് നൽകും. അവരാണ് വിൽക്കുന്നത്. നികുതിയിളവ് നൽകി വിൻഡ് ഫാമുകൾ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ രംഗത്തുവന്നതോടെ തീർത്തും അപരിഷ്കൃതവും പിന്നാക്ക അവസ്ഥയിലുമായിരുന്ന പ്രദേശം വികസനത്തിന്റെ മുൻനിരയിലായി.
ഇവിടെനിന്നു 2000 മെഗാവാട്ടാണ് ഉത്പാദിപ്പിക്കുന്നത്. അതിന്റെ ഇരട്ടി ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇപ്പോൾ നിരവധി വിദേശ കമ്പനികൾ ഇവിടുത്തെ വിപുലമായ സാഹചര്യം മനസിലാക്കി മുതൽമുടക്കിന് എത്തിയിരിക്കുകയാണ്.
രണ്ടു കോടി ബില്യൺ ഡോളറിന്റെ മുടക്കിന് പലരും രംഗത്തുവന്നിട്ടുണ്ട്. അതിനാൽതന്നെ ആരുവായ്മൊഴിയും പരിസരവും രണ്ടു വർഷത്തിനകം കാറ്റിന്റെ ഫാമുകൾ കൊണ്ടു നിറയും.
നാട്ടിലെ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. ഒരു കാലത്ത് ആൾ താമസം കുറഞ്ഞ ഇവിടെ നിരനിരയായി വീടുകൾ എത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ തമിഴ്നാട്ടിലെ പത്തോളം കോളജുകൾ ഇവിടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. പരമ്പരാഗത ഊർജ ഉറവിടങ്ങളിൽനിന്നു വ്യത്യസ്തമായി വൈദ്യുതി ഉത്പാദിക്കുന്ന ഈ ഗ്രാമത്തെയാണ് മാതൃകയായി ഐക്യരാഷ്ടസഭ കാണിച്ചു കൊടുത്തിരിക്കുന്നത്.
കേരളം ഇതൊന്നും കാണുന്നില്ലേ...
കടുത്ത ഊർജ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. എന്നിട്ടും ഇവർ ഇതൊന്നും കാണുന്നില്ലേ. കേരളത്തിൽ ഇത്തരത്തിൽ കാറ്റ് കിട്ടുന്ന നിരവധി പ്രദേശങ്ങൾ ഉള്ളതായി മുൻപ് അനെർട്ട് കണ്ടെത്തിയിരുന്നു. അഗസ്ത്യവനത്തിൽ മാത്രം 19 സ്ഥലങ്ങളാണ് കണ്ടെത്തിയത്.
പ്രകൃതിക്ക് ഒരു കോട്ടവും വരുത്താതെ കറന്റ് ഉത്പാദിക്കാൻ കഴിയുമെന്ന് കാണിച്ച് റിപ്പോർട്ടും നൽകിയതാണ്. എന്നാൽ അതൊക്കെ കാറ്റിൽ പറന്നു. സോളാർ എനർജിക്ക് ഒപ്പംതന്നെ പരിഗണിക്കേണ്ട പദ്ധതിയാണ് നടക്കാതെ പോകുന്നത്.
ആദ്യഘട്ടത്തിൽതന്നെ 200 മെഗാവാട്ട് ഉത്പാദിക്കാൻ കഴിയുമായിരുന്നതാണ് പദ്ധതി. അയൽനാട്ടിൽ ഇക്കാര്യത്തിൽ വൻ വിപ്ലവംതന്നെ നടക്കുമ്പോൾ വില കൊടുത്തും കടമായും കറന്റ് വാങ്ങാൻ നടക്കുകയാണ് കേരളത്തിലെ വൈദ്യുതി ബോർഡ്.