മുംബൈ: ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി കന്പനി അരാംകോ റിലയൻസ് ഇൻഡസ്ട്രീസിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. സൗദിഅറേബ്യയുടെ പെട്രോളിയം കയറ്റുമതിയുടെ കുത്തിക അരാംകോയുടേതാണ്. ലോകത്തിലെ ഏറ്റവും ലാഭമുള്ള കന്പനിയും ഇതുതന്നെ.
ഏറ്റവും സന്പന്നനായ ഇന്ത്യക്കാരൻ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസിൽ 25 ശതമാനം ഓഹരിയെടുക്കാനാണ് അരാംകോ ഉദ്ദേശിക്കുന്നത്. ഓഹരികളുടെ മൊത്തം മൂല്യം എട്ടരലക്ഷം കോടി രൂപ ഉള്ള കന്പനിയാണ് റിലയൻസ്. പെട്രോളിയം ശുചീകരണം, പെട്രോകെമിക്കലുകൾ, റീട്ടെയിൽ വ്യാപാരം, ടെലികോം എന്നിങ്ങനെ നാലു വ്യത്യസ്ത മേഖലകളിൽ റിലയൻസിനു സാന്നിധ്യമുണ്ട്.
ഇതിൽ പെട്രോളിയവും പെട്രോകെമിക്കലുകളും മാത്രം കണക്കിലെടുത്ത് ആ വിഭാഗത്തിന്റെ 25 ശതമാനം വാങ്ങാനാണ് അരാംകോ ഉദ്ദേശിക്കുന്നത്. കുറേവർഷം മുൻപ് റിലയൻസിന്റെ പ്രകൃതിവാതക-എണ്ണപര്യവേക്ഷണ ബിസിനസിൽ ബ്രിട്ടീഷ് പെട്രോളിയം ഇങ്ങനെ പങ്കാളിയായിരുന്നു. പെട്രോളിയം-പെട്രോകെമിക്കൽ ബിസിനസിൽ 6000 കോടി ഡോളർ (4.2 ലക്ഷം കോടിരൂപ) വില കണക്കാക്കിയാൽ 1500 കോടി ഡോളർ (1.05 ലക്ഷം കോടി രൂപ) വരും അരാംകോയുടെ മുടക്ക്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയപ്പോൾ മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനും മൂന്നുമാസം മുൻപേ നിക്ഷേപചർച്ച തുടങ്ങിയതാണ്. മുകേഷിന്റെ മകൾ ഇഷയുടെ വിവാഹനിശ്ചയ ചടങ്ങിൽ സൗദി എണ്ണകാര്യ മന്ത്രി ഖാലിദ് അൽ ഫാലിഹ് പങ്കെടുത്തിരുന്നു.
അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പെട്രോളിയം ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. 46 ലക്ഷം വീപ്പ ക്രൂഡ്ഓയിൽ ആണ് ഇന്ത്യ പ്രതിദിനം ഉപയോഗിക്കുന്നത്.
2018-ൽ 36,000 കോടി ഡോളർ വിറ്റുവരവിൽ 11,100 കോടി ഡോളർ ലാഭമുണ്ടാക്കിയ കന്പനിയാണ് അരാംകോ. കന്പനിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യാൻ ആലോചന നടക്കുകയാണ്. രണ്ടുലക്ഷം കോടി ഡോളർ (140 ലക്ഷം കോടി രൂപ) ആണ് അരാംകോയുടെ പ്രതീക്ഷിക്കുന്ന വിപണിമൂല്യം.