കോഴഞ്ചേരി : പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം നാളെ. ഉച്ചകഴിഞ്ഞ് 1.30ന് ജലഘോഷയാത്രയോടെയാണ് ഉത്രട്ടാതി ജലോത്സവത്തിനു തുടക്കമാകുക. ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യും.
പള്ളിയോട സേവാസംഘം പ്രസിഡന്റ്് കെ. എസ്. രാജന് മൂലവീട്ടില്‍ അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാന് ജലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പതാക ഉയര്‍ത്തുന്നതോടുകൂടി ജലോത്സവ പരിപാടികള്‍ ആരംഭിക്കും.
ജലഘോഷയാത്രയില്‍ 51 പള്ളിയോടങ്ങളും മത്സര വള്ളംകളിയില്‍ 48 പള്ളിയോടങ്ങളും പങ്കെടുക്കും. ജലോത്സവവുമായി ബന്ധപ്പെട്ട് പള്ളിയോടസേവാസംഘം നല്കുന്ന രാമപുരത്ത് വാര്യര്‍ പുരസ്കാരം ‘മാളികപ്പുറം’ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനവേദിയില്‍ വച്ച് സമ്മാനിക്കും.
ജലോത്സവവുമായി ബന്ധപ്പെട്ട് പള്ളിയോടസേവാസംഘം പുറത്തിറക്കുന്ന ‘പാഞ്ചജന്യം’ സുവനീര്‍ പ്രകാശനം മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും.
എന്‍എസ്എസ് ട്രഷറാര്‍ അഡ്വ. എന്‍. വി. അയ്യപ്പന്‍പിള്ള വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കും. പ്രമുഖ പള്ളിയോടശില്പി സന്തോഷ് ആചാരിയെ ആന്റോ ആന്റണിയും വഞ്ചിപ്പാട്ട് ആചാര്യന് ശിവന്‍കുട്ടി ആശാനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരനും ആദരിക്കും. പ്രശസ്ത സിനിമാതാരം ഉണ്ണിമുകുന്ദന്, ‘മാളികപ്പുറം’ ഫെയിം കുമാരി ദേവനന്ദ, വിവിധാ രാഷ്ട്രീയ സമുദായ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
900 പേര്‍ക്ക് ഇരിക്കാവുന്ന പവലിയനാണ് തയ്യാറാകുന്നത്.2017നുശേഷം നടക്കുന്ന മത്സരവള്ളംകളി എന്ന പ്രത്യേകതയും ഇത്തവണത്തെ ജലോത്സവത്തിനുണ്ട്. ജലോത്സവവുമായി ബന്ധപ്പെട്ട് നാളെ രാവിലെ മുതല്‍ ആറന്മുളയില് ഗതാഗത ക്രമീകരണം ഉണ്ടാകും.