പത്തനംതിട്ട: ആറന്മുള സമ്പൂര്‍ണ വൈദ്യുതി സുരക്ഷാഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് ഇടശേരിമല ഏഴാം വാര്‍ഡിലെ കുളമാപ്പുഴി ജംഗ്ഷനില്‍ മന്ത്രി എം.എം.മണി നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് വൈദ്യുതി സുരക്ഷാഗ്രാമം പദ്ധതി. വൈദ്യുതി ആഘാതമേറ്റ് മരണപ്പെടുന്നവരില്‍ 90 ശതമാനം ആളുകളും സാധാരണക്കാരും സമൂഹത്തിന്റെ താഴെത്തട്ടിലുമുള്ളവരുമാണെന്നുള്ളതു കണക്കിലെടുത്താണ് രാജ്യത്തിനു തന്നെ മാതൃകയാകുന്ന വൈദ്യുതി സുരക്ഷാ ഗ്രാമം പദ്ധതി ആറന്മുള ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിക്കുന്നത്.
ഒരു ജീവജാലം പോലും ഇനി മുതല്‍ വൈദ്യുതി അപകടം മൂലം മരണപ്പെടരുത് എന്ന നിശ്ചയദാര്‍ഢ്യമാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് മുഴുവന്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും നാടിനും ഉള്‍പ്പെടെ സമ്പൂര്‍ണ വൈദ്യുതി സുരക്ഷയേകാന്‍ ഒരു ഗ്രാമം തയാറെടുക്കുന്നത്.
സാധാരണക്കാരും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്നതും അതിലുപരി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പട്ടികജാതി കോളനികളിലൊന്നായ ഏഴിക്കാട് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് എന്ന പരിഗണന കൂടി കണക്കിലെടുത്താണ് ആറന്മുളയെ പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തത്.
കെഎസ്ഇബി, ആറന്മുള ഗ്രാമപഞ്ചായത്ത്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ യുവജനസംഘടനകള്‍, സാമൂഹികപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ ജനകീയ പിന്തുണ പദ്ധതിക്കുണ്ടാകും.
ഗ്രാമപഞ്ചായത്തിലെ 9000 ല്‍പരം വീടുകളിലും സ്ഥാപനങ്ങളിലും സര്‍വേ നടത്തുക, ഇഎല്‍സിബി അടക്കമുള്ള സുരക്ഷാ സംവിധാനം ഒരുക്കുക, വയറിംഗുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും പരിശോധന നടത്തുക, വൈദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും ആവശ്യമായ പുന:ക്രമീകരണങ്ങള്‍ നടത്തുക എന്നിങ്ങനെ വിവിധ പ്രവര്‍ത്തികളാണ് വൈദ്യുതി സുരക്ഷാ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.