കോഴഞ്ചേരി: മഹാപ്രളയത്തില്‍ മുങ്ങിത്താണുപോയ ആറന്മുളയിലെ പോലീസ് സ്റ്റേഷന് കെട്ടിടത്തിന് പകരം പുതിയത് പുനര്‍ജനിക്കുന്നു. മൂന്നു കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായിട്ടാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. പൊതു മരാമത്തുവകുപ്പിന്റെ ബില്‍ഡിംഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. ഇനിയും ഒരു പ്രളയം ഉണ്ടായാല്‍ പോലും ഒരിറ്റുവെള്ളം കയറാത്ത രീതിയിലാണ് കെട്ടിട സമുച്ചയം രൂപകല്പന ചെയ്തിരിക്കുന്നത്.
ആധുനിക രീതിയില്‍ തൂണുകളിലാണ് കെട്ടിടം നിർമിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് വീണാ ജോർജ് എംഎല്‍എ പറഞ്ഞു. വിശാലമായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും പുതിയ കെട്ടിട സമുച്ചയ വളപ്പില്‍ ഉണ്ടാകും. താഴത്തെ നിലയില്‍ ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ശൗചാലയങ്ങളും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഒന്നാമത്തെ നിലയില്‍ ഓഫീസും കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള സെല്ലുകളുമാണുള്ളത്.
രണ്ടാമത്തെ നിലയില്‍ ഓഫീസുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, കംപ്യൂട്ടര്‍ റൂം തുടങ്ങിയവയാണ് സജ്ജമാക്കിയിരിക്കുന്നത്. ലിഫ്റ്റ് സംവിധാനവും ഉണ്ടായിരിക്കും. നിര്‍മാണം ആരംഭിക്കുന്ന നാള് മുതല്‍ 12 മാസങ്ങള്‍കൊണ്ട് കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്.
മഹാ പ്രളയത്തില്‍ നിലവിലെ സ്റ്റേഷന് തകര്‍ന്നുപോയതിനെ തുടര്‍ന്ന് ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് വളപ്പിലാണ് താത്കാലികമായി സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. കുറ്റവാളികളെ പാര്‍പ്പിക്കുന്നതിനുള്ള സെല്ലുകളുമൊന്നും ഇവിടെ ക്രമീകരിച്ചിട്ടില്ല. പഴയ പോലീസ് സ്റ്റേഷന് നിലനിന്നിരുന്ന മാവേലിക്കര – കോഴഞ്ചേരി റോഡിലെ സ്ഥലത്തുതന്നെയാണ് പുതിയത് നിർമിക്കുന്നത്.