ആറന്മുള: ഉത്രട്ടാതി ജലോത്സവം നാളെ. പന്പാനദിയുടെ ഇരുകരകളിലായുള്ള 52 പള്ളിയോടങ്ങളും ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കും. എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്. ജലമേള ആകര്ഷണീയമാക്കുന്നതിലേക്ക് വിവിധ കലാവിരുന്നുകളും നാവികസേനയുടെ അഭ്യാസ പ്രകടനവും ക്രമീകരിച്ചിട്ടുണ്ട്.
സത്രക്കടവില്‍ നിന്നു മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതല്‍ സത്രക്കടവ് വരെ മത്സരവള്ളംകളിയും നടത്തും. മത്സര വള്ളംകളിയില്‍ ഇത്തവണ ഓരോ പള്ളിയോടത്തിന്റെയും ഹീറ്റ്സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്ക് തെരഞ്ഞെടുക്കുക. ആറന്മുള വള്ളംകളിയുടെ നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞെത്തുന്ന നാല് പള്ളിയോടങ്ങളെ ഫൈനലിലേക്ക് രണ്ട് ബാച്ചുകളിലായി തെരഞ്ഞെടുക്കും. എ ബാച്ച് പള്ളിയോടങ്ങള്‍ക്ക് ലൂസേഴ്സ് ഫൈനലും ഉണ്ടാകും. മുന്‍പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഫൈനലിലേക്ക് അയച്ചിരുന്നത്. ഇതൊഴിവാക്കിയതോടെ സെമിഫൈനല്‍ മത്സരങ്ങളും ഉണ്ടാകില്ല.
നാവികസേനയുടെ അഭ്യാസ പ്രകടനം
ഏറെക്കാലത്തിനുശേഷം ഇക്കുറി നാവികസേനയുടെ അഭ്യാസ പ്രകടനവും ക്രമീകരിച്ചിട്ടുണ്ട്. പ്രാചീന കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം എന്നിവയുടെ ദൃശ്യാവിഷ്കാരവും പന്പാനദിയില്‍ ഒരുക്കും. രാവിലെ 9.30ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പതാക ഉയര്‍ത്തും. ക്ഷേത്രാചാരങ്ങള്‍ പൂര്‍ത്തിയാക്കിയായിരിക്കും പള്ളിയോടങ്ങള്‍ ജലഘോഷയാത്രയ്ക്കായി അണിനിരക്കുക. 1.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും.
കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, ജോര്‍ജ് കുര്യന്, സംസ്ഥാന മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്, മുഹമ്മദ് റിയാസ്, സജി ചെറിയാന്, റോഷി അഗസ്റ്റിന്, പി. പ്രസാദ്, വീണാ ജോര്‍ജ്, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ പ്രമോദ് നാരായണ്‍, മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാര്‍, എം.എസ്. അരുണ്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ഒളിന്പ്യന്‍ ശ്രീജേഷ്, എന്‍എസ്എസ് പ്രസിഡന്റ് ഡോ.ശശികുമാര്‍, സ്വാമി ഗോലോകാനന്ദ മഹാരാജ്, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് മോഹന്‍ ബാബു തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പുറമേ നിന്നുള്ളവരെ കയറ്റിയാല്‍ വിലക്ക്
ഓരോ പള്ളിയോടത്തിലും അതതു കരകളിലുള്ളവരാകണം തുഴച്ചില്കാരെന്ന നിബന്ധന ഇത്തരവണ കര്‍ശനമായി പാലിക്കും. ബോട്ട് ക്ലബുകളെയും കുട്ടനാടന്‍ ശൈലിക്കാരെയും വള്ളത്തില്‍ തുഴയാന്‍ പ്രവേശിപ്പിച്ചുകൂടെന്ന് കരക്കാരെ അറിയിച്ചിട്ടുണ്ട്. മത്സരം പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തിരിക്കുന്നതിനാല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ കണ്ടെത്തി വിലക്കും. ആറന്മുളയുടെ പരമ്പരാഗത ശൈലി കൈമോശം വരാതിരിക്കാനും കരകളിലുള്ളവര്‍ക്ക് പ്രാതിനിധ്യം ഉറപ്പിക്കാനുമാണ് പുറമേനിന്നുള്ളവര്‍ക്ക് വിലക്ക് കര്‍ശനമാക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷങ്ങളില്‍ പുറമേ നിന്നുള്ള തുഴച്ചില്‍കാര്‍ വള്ളത്തില്‍ കയറിയതു കണ്ടെത്തിയതിനു പിന്നാലെ ജേതാക്കള്‍ക്കുള്ള ട്രോഫി അടക്കം തിരികെ പിടിക്കേണ്ടിവന്നിരുന്നു. ഇത്തവണ മുന്‍കൂട്ടി തന്നെ ഇത്തരമൊരു സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. മത്സരവള്ളംകളി ആധുനിക സംവിധാനങ്ങളോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ടൈമിംഗ് അടിസ്ഥാനത്തില്‍ വള്ളം ഒരേപോലെയാക്കി സെല്‍ഫ് സ്റ്റാര്ട്ടായിട്ടായിരിക്കും നടത്തുക. ഫോട്ടോ ഫിനിഷില്‍ ഓരോ വള്ളവും ഫിനിഷിംഗ് പോയിന്റ് കടന്ന സമയം ഡിസ്പ്ലേ ബോര്‍ഡില്‍ രേഖപ്പെടുത്തും.
ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഏര്പ്പെടുത്തിയിട്ടുള്ളതുപോലെയുള്ള ക്രമീകരണമാണ് ഇത്തവണ ആറന്മുളയിലുമുള്ളത്. എ, ബി ബാച്ചുകളില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. ആടയാഭരണങ്ങള്‍, അലങ്കാരങ്ങള്‍, പാട്ട് തുടങ്ങിയവ വിലയിരുത്തി ആര്. ശങ്കര്‍ സുവര്‍ണ ട്രോഫി അടക്കമുള്ളവയും സമ്മാനിക്കും.