കോഴഞ്ചേരി: മന്ത്രിയുടെ പ്രഖ്യാപനവും എംഎൽഎയുടെ ഇടപെടലും ഫലം കണ്ടു. പ്രളയം മൂലം വള്ളംകളി നടക്കാതെ പോയ വർഷവും 10 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ച് സർക്കാർ ഉത്തരവായി. വീണാ ജോർജ് എംഎൽഎയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സാങ്കേതിക തടസങ്ങൾ മറികടന്ന് സഹായം അനുവദിച്ചത്.
മഹാപ്രളയത്തെ തുടർന്ന് 2018ൽ ആറന്മുളയിൽ ഉത്രട്ടാതി ജലമേള നടത്താൻ കഴിഞ്ഞിരുന്നില്ല. പള്ളിയോടങ്ങൾക്കും വള്ളപ്പുരകൾക്കും കനത്ത നാശനഷ്ടവും പ്രളയം മൂലം ഉണ്ടായി. ഗ്രാന്റ് ലഭിക്കില്ലെന്ന സാഹചര്യത്തിൽ പള്ളിയോടസേവാ സംഘം ഭാരവാഹികൾ വീണാ ജോർജ് എംഎൽഎയെ സമീപിക്കുകയും എംഎൽഎ ടൂറിസം വകുപ്പിൽ സമ്മർദ്ദം ചെലുത്തുകയുമായിരുന്നു.
2019 ലെ വള്ളംകളിക്കെത്തിയ മന്ത്രി ഗ്രാന്റ് നൽകാമെന്ന് പ്രഖ്യാപിക്കുകയും ഇപ്പോൾ അനുവദിച്ച് ഉത്തരവിറക്കുകയുമായിരുന്നു. കേന്ദ്ര സർക്കാർ ആറന്മുളയ്ക്ക് നിരവധി തവണ നൽകിയ സഹായ പ്രഖ്യാപനങ്ങളിൽ ഒരു രൂപ പോലും ഇതുവരെ നൽകിയിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തിൽ ആറന്മുളയിലെ ജനങ്ങളോടും വള്ളംകളി പ്രേമികളോടും എൽഡിഎഫ് സർക്കാർ കാട്ടിയ സ്നേഹത്തിനും സഹായത്തിനും വീണാ ജോർജ് എംഎൽഎ സർക്കാരിനോടു നന്ദി അറിയിച്ചു.