ചാരുംമൂട്: അച്ഛന് ഭാഗ്യക്കുറി വിറ്റ് നടന്നപ്പോള്‍ ആരതി ദാസ് ഭാഗ്യവുമായി വീട്ടിലെത്തിയത് കൊച്ചുകൂരയ്ക്ക് സന്തോഷം പകര്‍ന്നു. ഒപ്പം നാട്ടുകാര്‍ക്കും ആഹ്ലാദം.
നൂറനാട് പുലിമേല്‍ തുണ്ടില്‍ ഹരിദാസ്–പ്രസന്ന ദമ്പതികളുടെ മകള്‍ ആരതിദാസിനാണ് എംബിബിഎസ് ആദ്യ അലോട്ട്മെന്റില്‍ തന്നെ പാലക്കാട് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചത്.
രണ്ട് പെണ്മക്കളടങ്ങുന്ന കുടുംബം കഴിയുന്നത് ലോട്ടറി കച്ചവടക്കാരനായ ഹരിദാസിന്റെയും അങ്കണവാടി വര്‍ക്കറായ പ്രസന്നയുടെയും തുച്ഛമായ വരുമാനം കൊണ്ടാണ്.
പടനിലം എച്ച്എസ്എസില്‍നിന്നു പ്ലസ്ടു പാസായ ആരതി ആലപ്പുഴ തുമ്പോളിയിലെ കോച്ചിങ് സെന്ററിലെ എന്‍ട്രന്‍സ് പരിശീലനത്തിലൂടെ രണ്ടാം ശ്രമത്തിലാണ് ഉയര്‍ന്ന റാങ്ക് നേടിയത്.
പാലക്കാട് മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചെങ്കിലും 15–ാം തീയതി കോളജില്‍ ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി 40000 രൂപയോളം വേണ്ടിവരും.
ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഹരിദാസും കുടുംബവും. 24000 രൂപ തുടക്കത്തില്‍ കോളജില്‍ തന്നെ അടയ്ക്കണം.
ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും മകള്‍ ഡോക്ടര്‍ ആകുന്നതിന്റെ സന്തോഷത്തിലാണ് ഹരിദാസും കുടുംബവും. ഇളയ മകള്‍ ഗൗരിദാസ് പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.