നെയ്യാറ്റിന്‍കര: അശ്വതിയും അനുജത്തി ആരതിയും തങ്ങള്‍ക്ക് കിട്ടിയ വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്കി. ശബരിമല മുൻ കീഴ്ശാന്തി നെയ്യാറ്റിന്‍കര കൃഷ്ണപുരം ഗ്രാമം സ്വദേശി ഗണേശൻ പോറ്റിയുടെ മക്കളാണ് ജി.എസ് അശ്വതിയും ജി.എസ്.ആരതിയും. അശ്വതി പത്തിലും ആരതി ഏഴിലും പഠിക്കുന്നു.
തങ്ങള്‍ക്ക് കിട്ടിയ വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാനുള്ള താത്പര്യം ഇവർ വീട്ടില്‍ അറിയിച്ചപ്പോള്‍ മാതാപിതാക്കള്‍ സന്തോഷപൂര്‍വം അനുവദിച്ചു. വിവരം അറിഞ്ഞ് കെ. ആന്‍സലന്‍ എംഎല്‍എ ഗണേശൻ പോറ്റിയുടെ വീട്ടിലെത്തി തുക സ്വീകരിച്ചു.
രണ്ടു കുട്ടികളെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു. സാമൂഹ്യപ്രതിബദ്ധതയുള്ള ഈ കുട്ടികള്‍ നല്ല മാതൃകകളാണെന്ന് ആന്‍സലന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. അശ്വതിയും ആരതിക്കും ഇക്കുറി വിഷുക്കൈനീട്ടമായി ലഭിച്ച 2024 രൂപയും ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറി.
കളിപ്പാട്ടങ്ങൾക്കു നീക്കിവച്ച തുക ദുരിതാശ്വാസ നിധിക്കു നൽകി ഒന്‍പതു വയസുകാരൻ
പേരൂര്‍ക്കട: കഥാപുസ്തകങ്ങളും കളിപ്പാട്ടങ്ങളും വാങ്ങാന്‍ സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസനിധിയിലേക്കു നല്കി ഒമ്പതു വയസ്സുകാരന്. വഞ്ചിയൂര്‍ സ്വദേശികളായ സുനില്‍-ഡോ. കല്‍പ്പന കൃഷ്ണന് ദമ്പതികളുടെ മകന് അച്യുതന് കെ. സുനില്‍ ആണ് തന്നാലാകുന്ന സഹായം മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.
അച്യുതന് ഇപ്പോള്‍ വഴയില പത്മനാഭ നഗറിലെ ഒരു ബന്ധുവീട്ടിലാണ് താമസിച്ചു വരുന്നത്. കുന്നുംപുറം ചിന്മയ വിദ്യാലയത്തിലെ അഞ്ചാംക്ലാസുകാരനായ കുട്ടി താന്‍ ഒരുവര്‍ഷത്തിലേറെയായി സ്വരുക്കൂട്ടിയ 1056 രൂപയാണ് ദുരിതാശ്വാസനിധിക്ക് നല്കാന് സന്മനസ്സ് കാട്ടിയത്.
കഴിഞ്ഞ പ്രളയകാലത്തും ഈ വിദ്യാര്‍ഥി തന്നാല്‍ക്കഴിയുന്ന സഹായം നല്കി മാതൃക കാട്ടിയിരുന്നു. കോവിഡ് കാലഘട്ടത്തില്‍ തന്റെ ആഗ്രഹങ്ങളെക്കാളും ആവശ്യങ്ങളെക്കാളും വലുത് നമ്മുടെ നാടിന്റെ ഉയിര്ത്തെഴുന്നേല്പ്പാണെന്ന ഒരു കൊച്ചുകുട്ടി തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഇതെന്ന് തുക സ്വീകരിച്ചുകൊണ്ട് പേരൂര്‍ക്കട സിഐ വി. സൈജുനാഥ് പറഞ്ഞു.
തുടര്‍ന്ന് ഈ തുക സ്റ്റേഷന് സിആര്‍ഒ ഹര്‍ഷകുമാര്‍, എസ്ഐ വില്‍ബെര്‍ രാജ് എന്നിവര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസിലെ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്യുന്ന മധുസൂദനനെ ഏല്‍പ്പിക്കുകയായിരുന്നു.