ടി.ജി.ബൈജുനാഥ്
ഒന്നര വർഷമായി ആറാട്ടിനു പിന്നാലെയായിരുന്നു തിരക്കഥാകൃത്ത് ഉദയകൃഷ്ണ. ഒരു സ്ക്രിപ്റ്റ് തീർത്ത് ഉടൻ അടുത്ത സ്ക്രിപ്റ്റിലേക്കു കടക്കുന്നതല്ല ഉദയകൃഷ്ണയുടെ രീതി. ഷൂട്ടിംഗ് തുടങ്ങി ഫസ്റ്റ് കോപ്പി കാണുന്നതു വരെ സംവിധായകനൊപ്പം തുടരുന്ന പതിവ് ബി. ഉണ്ണികൃഷ്ണന്റെ മോഹൻലാൽ സിനിമ ആറാട്ടിലും തെറ്റിച്ചില്ല.
തന്റെ ജീവിതത്തിലെ എൻജോയിംഗ് മൊമന്റ്സ് ഷൂട്ടിംഗ് പീര്യേഡാണെന്ന് ഉദയകൃഷ്ണ പറയുന്നു. ‘ ഷൂട്ടിംഗ് ഒരു യാത്രയാണ്. സ്ക്രിപ്റ്റിനൊപ്പമാണ് ആ യാത്ര. അതിനിടെ ഒരുപാടു പ്രതിബന്ധങ്ങളും എതിർപ്പുകളും കടന്നുവരും. ആ ടെൻഷനൊക്കെ എൻജോയ് ചെയ്യുന്നുണ്ട്.’
നരസിംഹത്തിന് ആറാം തന്പുരാനിലുണ്ടായ ഐറ്റം എന്നൊക്കെയാണ് സോഷ്യൽമീഡിയ കമന്റുകൾ. നെയ്യാറ്റിൻകര ഗോപനെ രൂപപ്പെടുത്തിയത് അങ്ങനെയാണോ…?
നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാടൻ ഗ്രാമത്തിലേക്കു വരികയാണ് ഗോപൻ. ഒരു നാട്ടിൻപുറത്തുകാരൻ മറ്റൊരു നാട്ടിൻപുറത്തേക്കു വരികയാണ്. നമ്മൾ വിചാരിക്കുന്നതിലുമപ്പുറമാണ് നാട്ടിൻപുറത്തുകാരുടെ ഭാഷാശൈലിയും തന്റേടവും മറ്റു പ്രകൃതങ്ങളുമൊക്കെ.
നരസിംഹത്തിലെയൊക്കെ കഥാപാത്രത്തിന് അത്തരം ചില ഷെയ്ഡ്സ് ഉണ്ട്. ഗോപനും അത്തരം സ്വഭാവസവിശേഷതകളുള്ള ഒരാളാണ്. നാട്ടിൻപുറത്തു പല കാര്യങ്ങളിലും സിനിമയുടെ പല റഫറൻസുകളും പറയാറില്ലേ; ആറാം തന്പുരാനിലെ മോഹൻലാലിനെപ്പോലെ എന്നൊക്കെ.
നെയ്യാറ്റിൻകര ഗോപനിലും ചില കാരക്ടർ ഷെയ്ഡ്സ് ഒക്കെ അനുഭവപ്പെട്ടേക്കാം. എല്ലാ മാസ് ഹീറോ കഥാപാത്രങ്ങൾക്കും അത്തരം ചില മാനറിസങ്ങളും പൊലിമകളുമൊക്കെയുണ്ടാവും. നെയ്യാറ്റിൻകര ഗോപൻ ഗാനഭൂഷണമാണ്. പാട്ടാണ് മെയിൻ. ഒരു ഗ്രാമത്തിൽ വന്നിറങ്ങുന്പോൾ അയാളെ തല്ലാൻ ചെന്നാലോ.
അവിടെ പാട്ടു പോരല്ലോ. അവിടെ ഗോപൻ മറ്റൊരാളാണ്. ഏതു ലക്ഷ്യത്തിലേക്കാണ് നെയ്യാറ്റിൻകര ഗോപന്റെ യാത്ര എന്നതാണു സിനിമ പറയുന്നത്. മാസ് പടങ്ങളുടെ ഫോർമുലയിലെ പല കൂട്ടുകളും ഇതിലുണ്ട്.
കഥാപാത്രത്തിനു വേണ്ടി ഒരു കഥയല്ല; കഥയിലെ ഒരു കഥാപാത്രമാണ് നെയ്യാറ്റിൻകര ഗോപൻ…?
തീർച്ചയായും. എന്തൊക്കെ പൊലിമകളുണ്ടെങ്കിലും ഒരു സബ്ജക്ടിലൂടെയുള്ള യാത്ര വന്നാൽ മാത്രമേ മാസ് പടങ്ങൾ ക്ലിക്ക് ആവുകയുള്ളൂ. ആ ഫോർമുല കൃത്യമായി ഉപയോഗിച്ചിരിക്കുകയാണ്. പക്ഷേ, പ്രേക്ഷകരാണു വിധിയെഴുതുന്നത്.
എന്തു കൊടുത്താലും തൃപ്തിയാവില്ല എന്ന മട്ടിലാണു പ്രേക്ഷകർ…?
എക്കാലവും അത് അങ്ങനെ തന്നെയാണ്. താരപരിവേഷമുള്ളവരെ കച്ചവട മൂല്യമുള്ള ഒരു സിനിമയിലേക്കു കൊണ്ടുവരുന്പോൾ എല്ലാത്തരം പ്രേക്ഷകരെയും മുൻനിർത്തിയാണു സിനിമ ചെയ്യുന്നത്.
ബുദ്ധിജീവി പരിവേഷത്തോടെ വിമർശനത്തിനു വരുന്നവർക്കുള്ള പടമല്ല ആറാട്ട്. മാസ് ഓഡിയൻസിനു വേണ്ടിയുള്ള പടമാണെന്നു നേരത്തേ പറഞ്ഞത് അതുകൊണ്ടാണ്.
അടിക്ക് അടി. പാട്ടിനു പാട്ട്. ഒപ്പം ഒരു സബ്ജക്ടും. അങ്ങനെയാണു ട്രീറ്റ് ചെയ്തിരിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും താരചക്രവർത്തിമാർ തന്നെയാണ്. മലയാളത്തിലെ എണ്ണപ്പെട്ട ക്ലാസിക് പടങ്ങളൊക്കെ അവരുടേതാണ്. നമ്മൾ വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോർമുലകൾ അതൊക്കെത്തന്നെയാണ്.
അവർ എല്ലാ ഫോർമുലകളും വഴങ്ങുന്നവരാണ്. ഞാൻ എന്റേതായ സ്പേസിൽ സിനിമ ചെയ്യുന്നു. എനിക്ക് ഇഷ്ടപ്പെട്ട സിനിമ, ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമ പ്രേക്ഷകരോടൊപ്പമിരുന്നു കാണുന്നു.
അണ്റിയലിസ്റ്റിക് ജോയ് റൈഡ് എന്നു ട്രെയിലറിൽ തുറന്നുപറഞ്ഞല്ലോ..?
ഇതിൽ ചേരുവകളുടെ പ്രളയമാണ്. ചേരുവകൾ ചേരുന്പോൾ ഒരുപാടു വിമർശനങ്ങളുണ്ടാവാം. എന്റർടെയ്നർ എന്ന വാക്ക് പലപ്പോഴും ഉപയോഗിച്ചിട്ടുള്ളതുകൊണ്ടാണ് അണ്റിയലിസ്റ്റിക് ജോയ് റൈഡ് എന്നു പറഞ്ഞത്. ഒരുപാടു റിയലിസ്റ്റിക് സിനിമകൾ ഇറങ്ങുന്പോഴാണ് ഇങ്ങനെയൊരു സിനിമ വരുന്നത്.
വില്ലൻ എയറിലൂടെ പറക്കുന്നതിൽ എവിടെയാണു റിയലിസമെന്നു ചോദിച്ചാൽ നമുക്ക് ഒന്നും പറയാനാവില്ല. ഇതൊരു എന്റർടെയ്നറാണ് എന്നു തുറന്നു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലല്ലോ. ഇപ്പോൾ എല്ലാം കൊണ്ടുപോകുന്നതു സോഷ്യൽ മീഡിയയാണ്. അതിനൊപ്പം സഞ്ചരിച്ചേ മതിയാവു.
അവർക്കു വേണ്ടതു പറഞ്ഞു മനസിലാക്കിക്കൊടുക്കണം. അല്ലെങ്കിൽ അവർ വേറെ രീതിയിൽ സിനിമയെ കണക്കിലെടുക്കും.
മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് എന്റർടെയ്നർ എഴുതണം. അതായിരുന്നോ ബി. ഉണ്ണികൃഷ്ണന്റെ ഡിമാൻഡ് …?
സ്വന്തമായി എഴുതി സംവിധാനം ചെയ്തതാണ് അദ്ദേഹത്തിന്റെ മിക്ക പടങ്ങളും. എന്നെ വിളിക്കുന്പോൾ അദ്ദേഹം ആഗ്രഹിച്ചത് എന്താണോ അതു നല്കാനാണ് ഞാൻ ശ്രമിച്ചത്. നന്നായി ഹ്യൂമർ എൻജോയ് ചെയ്യുന്നയാളാണ് ഉണ്ണികൃഷ്ണൻ. ഉള്ളിന്റെയുള്ളിൽ ഇത്തരം സിനിമകളോടുള്ള ഇഷ്ടമുണ്ട്.
അല്ലെങ്കിൽ എന്നെ വിളിക്കേണ്ട കാര്യമില്ലല്ലോ. ‘ഉദയകൃഷ്ണയുടെ ഒരു സ്ക്രിപ്റ്റ് എനിക്കു ഡയറക്ട് ചെയ്യണം’ എന്നു മാത്രമാണ് എന്നോടു പറഞ്ഞത്. എനിക്കു തൃപ്തികരമായ രീതിയിൽ അദ്ദേഹം അതു ഭംഗിയായി ചെയ്തു. ഒരു ഡയറക്ടർ എല്ലാ ടൈപ്പ് പടങ്ങളും ചെയ്യണം.
അവർക്കു വഴങ്ങുന്ന, മനസിന് ഇഷ്ടപ്പെട്ട രീതിയിലുള്ള എല്ലാം ചെയ്യണം. അതിനുള്ള ശ്രമമാണ് ഉണ്ണികൃഷ്ണനിൽ നിന്നുണ്ടായത്. അതിനെ ലാലേട്ടൻ ഏറെ സപ്പോർട്ട് ചെയ്തു.
‘ ഈ സമയത്ത് ഒരു ഡാർക് മൂവിയല്ല വേണ്ടത്, പ്രേക്ഷകരെ പഴയപോലെ തിയറ്റുകളിലെത്തിക്കുന്ന ഓളം പരത്തുന്ന ഒരു സിനിമ ചെയ്തുകൂടെ’ എന്നു ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു സ്ക്രിപ്റ്റിലേക്കു ഞങ്ങൾ വന്നത്.
ഗ്യാങ്സ്റ്ററല്ല, മോണ്സ്റ്ററല്ല, ലൂസിഫറാണ്,സിനിസ്റ്ററാണ്… എന്തിനാണു ഗോപനു ലൂസിഫർകണക്ഷൻ…?
അതിലൂടെ കഥാപാത്രത്തിന്റെ ഭാവമാറ്റങ്ങളാണ് ഉദ്ദേശിച്ചത്. ഐ ആം ലൂസിഫർ… എന്നു തന്നെയാണു ഗോപൻ പറയുന്നത്. മാസ്ചേരുവയുടെ ഭാഗമായ പഞ്ചിനു വേണ്ടിയാണ് അതുപയോഗിച്ചത്.
എന്തിനാണ് ആ പഞ്ചുകൾ ഉപയോഗിച്ചതെന്നു സിനിമ കണ്ടിറങ്ങുന്പോൾ വ്യക്തമാകും. ഈ കഥാപാത്രത്തിന് ഒരു ദുരൂഹതയുണ്ട്. അതിനെ എക്സ്പ്ലോയിറ്റ് ചെയ്തെന്നു മാത്രമേയുള്ളൂ.
ഗോപന്റെ യാത്രയാണ് ആറാട്ട്. ഗോപൻ എന്തിനു വന്നു, ഗോപന്റെ ലക്ഷ്യം എന്താണ്, ഗോപൻ ആരാണ്…അതിലേക്കു പോകുന്പോൾ ആ പഞ്ചുകളൊക്കെ ഉപകാരപ്പെടും.
എ. ആർ. റഹ്്മാൻ കഥയിൽ മസ്റ്റ് ആയിരുന്നോ….?
ഈ കഥയിലെ അവശ്യ ഘടകമായിരുന്നു എ. ആർ.റഹ്്മാൻ. ഭാഷയുടെ അതിർവരന്പുകൾ കടന്നു വിജയിച്ച ഒരാളാണ് അദ്ദേഹം.ലോകമെന്പാടും അറിയപ്പെടുന്ന ഒരാൾ വരുന്പോഴാണല്ലോ സിനിമയ്ക്കു ക്യൂറിയോസിറ്റിയും വലുപ്പവുമൊക്കെ വരിക. അദ്ദേഹത്തിനു മുകളിൽ ഒരാളെ നമുക്കു ചിന്തിക്കാനാവില്ല.
നെയ്യാറ്റിൻകര ഗോപന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എ. ആർ.റഹ്്മാൻ ഷോ ആവശ്യമായിരുന്നു.ഷൂട്ടിംഗ് തുടങ്ങിയപ്പോൾ പോലും ആ കഥാപാത്രം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പു കിട്ടിയിരുന്നില്ല. കാരണം, അദ്ദേഹത്തെ കൊണ്ടുവരിക എന്നതു വലിയ ടാസ്ക് ആയിരുന്നു.
അദ്ദേഹത്തിനു താത്പര്യമില്ലാത്ത ഒരു വിഷയമാണ് അഭിനയം. അദ്ദേഹത്തിന്റെ സമ്മതം വാങ്ങുന്നതിൽ നടൻ റഹ്്മാൻ ഒത്തിരി സഹായിച്ചു. ഏറെ ആലോചനകൾക്കൊടുവിലാണ് എ.ആർ. റഹ്്മാൻ സമ്മതമറിയിച്ചത്. അതു മുതൽ അദ്ദേഹത്തിന്റെ ടീമാണ് കാര്യങ്ങൾ ഓർഗനൈസ് ചെയ്തത്. അദ്ദേഹം വന്നത് ഒറ്റയ്ക്കല്ല.
കൂടെ വലിയൊരു ഗ്രൂപ്പുണ്ട്. വലിയ സന്നാഹങ്ങളുണ്ട്. നമുക്ക് അങ്ങനെയൊരു മൊമന്റാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ വന്നത് ആദ്യമായിട്ടാണ്.
എ. ആർ.റഹ്്മാന്റെ അടുത്തു പോയി അദ്ദേഹത്തിനു സീൻ പറഞ്ഞുകൊടുത്തതും അദ്ദേഹം ഷൂട്ടിംഗിനു വന്നതും സീനിൽ ഇൻവോൾവ് ചെയ്തതുമെല്ലാം നല്ല നിമിഷങ്ങൾ തന്നെയായിരുന്നു.
‘ഗരുഡ’ രാമചന്ദ്രരാജു ആറാട്ടിലെത്തിയത്…?
കെജിഎഫിലെ വില്ലനെ തന്നെ തെരഞ്ഞെടുത്തതാണ്. എപ്പോഴും വില്ലന്മാർ സ്ട്രോംഗ് ആവണം. കണ്ടുമടുത്ത മുഖങ്ങൾ ആവരുത് എന്നൊക്കെയുണ്ടായിരുന്നു. ആറാട്ടിൽ ഒരു മുഴുനീള വില്ലൻ ഇല്ല.
തന്റെ ജീവിതത്തിലേക്കു കടന്നു വരുന്ന കഥാപാത്രങ്ങളിലൂടെയാണ് ഗോപൻ മുന്നോട്ടു പോകുന്നത്. പക്ഷേ, ഗോപനൊരു ലക്ഷ്യമുണ്ട്. അതിലേക്ക് എത്താൻ പല വില്ലന്മാരുടെയും സപ്പോർട്ട് ആവശ്യമായി വരുന്നു. ഒരുപാടു വില്ലന്മാരിലൂടെയാണ് ഈ സിനിമ മുന്നോട്ടുപോകുന്നത്.
ആറാട്ടിനു ശേഷം ചെയ്യുന്ന സിനിമകൾ…?
വൈശാഖിനു വേണ്ടി എഴുതിയ മോഹൻലാൽ സിനിമ മോണ്സ്റ്റർ ത്രില്ലറാണ്. പൂർണമായും ആ ജോണറിലുള്ള സിനിമ ആദ്യമായാണു ചെയ്യുന്നത്. ഷൂട്ടിംഗും ഡബ്ബിഗും കഴിഞ്ഞ് റീ റിക്കാർഡിംഗിലേക്കു കടന്നു.
ദിലീപിന്റെ അരുണ് ഗോപി സിനിമയാണ് എന്റെ അടുത്ത വർക്കുകളിലൊന്ന്. ആ സിനിമയുടെ എഴുത്തു കഴിഞ്ഞതേയുള്ളൂ. മറ്റൊന്ന് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂക്കസിനിമയാണ്. അതു തുടങ്ങുന്പോഴേക്കും മെയ്- ജൂണ് ആകും.