ശാസ്താംകോട്ട: ഏറെ പ്രതീക്ഷയോടെ നടത്തിയ മൈനാഗപ്പള്ളി വേങ്ങയിലെ ആറാട്ട് കുളം നവീകരണം ഫലം കണ്ടില്ല. കുളത്തിൽ വീണ്ടും പായലും കുളവാഴകളും നിറഞ്ഞു. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നത് മൂലം പായലും കുളവാഴകളും നിറഞ്ഞ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ കുളം പ്രദേശവ വാസികളുടെ നിരന്തര ആവശ്യത്തെയും സമ്മർദത്തെയും തുടർന്നാണ് നന്നാക്കാൻ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തയാറായത്.പത്ത് ലക്ഷം രൂപയാണ് കുളം നവീകരണത്തിന് നീക്കിവച്ചത്.
പായലും കുളവാഴകളും നീക്കം ചെയ്ത് വെള്ളം വറ്റിച്ച് ചെളി നീക്കം ചെയ്യുകയും വശങ്ങളിലെ കെട്ടുകൾ ഉയർത്തി കെട്ടുകയും മാലിന്യം നിക്ഷേപിക്കാൻ കഴിയാത്ത തരത്തിൽ കുളത്തിന് ചുറ്റും വേലിയും സി സി റ്റി വി കാമറകൾ സ്ഥാപിക്കുകയും ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. ഭാവിയിൽ ആവശ്യമെങ്കിൽ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കുന്ന തരത്തിലുള്ള നവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്.
കുളത്തിലെ പായലും മറ്റും വാരി മാറ്റുകയും കുളം വറ്റിച്ച് ചെളികളും മറ്റും നീക്കം ചെയ്തു. വശങ്ങളിൽ ഒരടി ഉയരത്തിൽ പാറ കെട്ടുകയും ചെയ്തു. എന്നാൽ മറ്റ് പണികൾ ഒന്നും ചെയ്തിട്ടില്ല. കരാർ തുകയ്ക്ക് അനുസൃതമായ പണി നടന്നിട്ടില്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടയിലാണ് കുളത്തിൽ ഇപ്പോൾ പഴയത് പോലെ തന്നെ പായലും കുളവാഴയും നിറഞ്ഞത്. ഇത് മാലിന്യ നിക്ഷേപത്തിന് കാരണമാകാനും സാധ്യതയുണ്ട്.