ആലപ്പുഴ: ഭീതിയൊഴിയാതെ തീരദേശ മേഖല. തീരദേശ മേഖലയിൽ കടലാക്രമണം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. വീടിനുള്ളിലേക്ക് അടിച്ച് കയറിയ തിരമാലയിൽ നിന്നും വീട്ടമ്മമാർ പരിക്കേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണ്. തീരത്തുള്ള ജീവിതം ദുസഹമായതോടെ കഴിഞ്ഞ ദിവസം 39 കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റി. കടൽ പ്രക്ഷുബ്ധാവസ്ഥയിൽ തുടരുകയാണ്. കടൽഭിത്തിയും കടന്നാണ് തിരമാലകൾ കരയിലേക്ക് പാഞ്ഞ് കയറുന്നത്.
ആറാട്ടുപുഴ പഞ്ചായത്തിലെ പെരുന്പള്ളി, വട്ടച്ചാൽ, രാമഞ്ചേരി, നല്ലാണിക്കൽ, കള്ളിക്കാട്, ആറാട്ടുപുഴ ബസ്റ്റാന്റ്, ലക്ഷം വീട് ഭാഗം, എംഐഎസ് ജംഗ്ഷൻ, കാർത്തിക ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കടലാക്രമണം ജനജീവിതത്തെ കൂടുതൽ ബാധിച്ചത്.. വീട്ടിനുള്ളിലേക്ക് ഇരച്ച് കയറിയ വെള്ളത്തിൽ സാധന സാമഗ്രികൾ നശിച്ചു. കടലിനോട് അടുത്ത് താമസിക്കുന്നവർക്ക് തിരമാലയുടെ നേരിട്ടുള്ള ആക്രമണത്തിന്റെ കെടുതികളാണ് അനുഭവിക്കേണ്ടിവരുന്നത്. ഇവരുടെ വീടുകൾ ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥ നിലനിൽക്കുന്നു.
കടലിനോട് അകലം പാലിച്ച് നിൽക്കുന്ന വീട്ടുകാർക്കും ദുരിതത്തിന് കുറവില്ല. ശക്തിയായി കരയിലേക്ക് അടിച്ച് കയറുന്ന തിരമാല തീരദേശ റോഡും കവിഞ്ഞ് കിഴക്കോട്ട് ഒഴുകുകയാണ്. ഒഴുക്കിന്റെ ശക്തിമൂലവും വെള്ളം കെട്ടി നിന്നും നൂറിലേറെ കുടുംബാംഗങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. വെള്ളം ഇറങ്ങിപ്പോയാലും വീടിനുള്ളിലും തറയിൽ ചെളി കട്ടിയായി അവശേഷിക്കും.
ഇത് നീക്കം ചെയ്യുന്നത് ശ്രമകരമായ പണിയാണ്. കൂടാതെ ദുർഗന്ധവുമുണ്ട്. വീട്ടിൽ താമസം ദുരിതത്തിലായ ആറാട്ടുപുഴയുടെ തീരപ്രദേശങ്ങളിലെ 39 കുടുംബങ്ങളിലെ 163 പേരെയാണ് നല്ലാണിക്കൽ പഞ്ചായത്ത് എൽപിഎസിലേക്ക് മാറ്റി പാർപിച്ചത്. ജില്ലയിൽ തുറന്ന ആദ്യത്തെ ക്യാന്പാണ് നല്ലാണിക്കലേത് . തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന പാനൂർ പ്രദേശങ്ങളിലും കടലാക്രമണ കെടുതികൾ ഏറെയാണ്.
ഗ്രാമീണ റോഡ് നിർമാണത്തിനും അനധികൃതമായി തോടുകൾ നികത്തിയതും ഇപ്പോഴത്തെ വെള്ളക്കെട്ട് രൂക്ഷമാക്കുന്നതിന് കാരണമായിട്ടുണ്ട്. അന്ധകാരനഴി പൊഴിമുറിക്കുകയാണെങ്കിൽ പെയ്ത് വെള്ളം കടലിലേയ്ക്ക് ഒഴുകുകയും വെള്ളപ്പൊക്കത്തിന് ശമനമുണ്ടാകുകയും ചെയ്യും. അടിയന്തിരമായി പൊഴിമുറിച്ച് ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു.