പത്തനംതിട്ട: ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും വിഷയം ഒരു കീറാമുട്ടിയായി മാറി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അരവണ നശിപ്പിക്കല്‍ സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങളെടുക്കാനാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പുകളുടെ യോഗം ഉടന്‍ വിളിക്കും.
ഏലയ്ക്കായില്‍ കീടനാശിനി സാന്നിധ്യം കണ്ടതിനേ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് കഴിഞ്ഞ തീര്‍ഥാടനകാലത്തു വില്പന തടഞ്ഞ 6.65 ലക്ഷം ടിന് അരവണയാണ് ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്നത്.
വിശദമായ പരിശോധനയില്‍ കീടനാശിനി സാന്നിധ്യം ഇല്ലെന്ന് പിന്നീട് ബോധ്യപ്പെട്ടെങ്കിലും അപ്പോഴേക്കും അരവണ ഭക്തര്‍ക്കു വിതരണം ചെയ്യാനാകില്ലെന്ന് ദേവസ്വം ബോര്‍ഡും നിലപാടെടുത്തു.
സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് അരവണ നശിപ്പിക്കണമെന്ന നിര്‍ദേശം കഴിഞ്ഞയിടെ സുപ്രീംകോടതിയും നല്കി.ഒരാഴ്ചയ്ക്കകം ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുമെന്നിരിക്കേ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആറു കോടിയിലേറെ രൂപ ദേവസ്വം ബോര്‍ഡിനായി അരവണ നിര്‍മാണത്തിനായി ചെലവായതാണ്. അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ വനം, റവന്യൂ, പരിസ്ഥിതി, ആരോഗ്യം വകുപ്പുകള്‍ കൂടി ആലോചിച്ച് തീരുമാനമെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.
ഇത്രയും അരവണ ടിന്നുകള്‍ വനത്തില്‍ നശിപ്പിക്കുന്നതിനു വനനിയമം തടസമാണ്. പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും ദോഷമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പെരിയാര്‍ കടുവാ സങ്കേതത്തില്‍പെട്ട വനഭൂമിയായതിനാല്‍ അരവണ കുഴിച്ചുമൂടാനും പറ്റില്ല.
കേന്ദ്ര വനംവകുപ്പിന്റെ അനുമതി കൂടാതെ വനത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാകില്ല. ഓരോ ടിന്നും തുറന്ന് അരവണ കളയണമെന്ന നിര്‍ദേശവും പ്രായോഗികമല്ല
ജനവാസ മേഖലയിലെത്തിച്ച് അരവണ നശിപ്പിക്കാനുമാകില്ല. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വകുപ്പുതല യോഗങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയമായി അരവണ നശിപ്പിക്കല്‍ മാറുകയാണ്.