പത്തനംതിട്ട: അരവണ നശിപ്പിച്ചു കളയുന്നതിനായി ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.
ആറര ലക്ഷത്തിൽ അധികം ടിൻ അരവണയാണ് ശബരിമല സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്. ശാസ്ത്രീയമായി അരവണ നശിപ്പിക്കുന്നതിനായാണ് ഏജൻസികളിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് താത്പര്യപത്രം ക്ഷണിച്ചത്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി.
വന്യമൃഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് വേണം അരവണ നശിപ്പിക്കാൻ. മാത്രമല്ല അരവണയുടെ ടിന്നുകളിൽ അയ്യപ്പന്റെ ചിത്രം ഒട്ടിച്ചിട്ടുള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏൽക്കാത്ത രീതിയിലായിരിക്കണം അരവണ നശിപ്പിക്കേണ്ടതെന്നും ടെൻഡർ നോട്ടീസിൽ ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.