ശബരിമല: ശബരിമലയില്‍ നിന്നും വില്പന നടത്തിയ അരവണയില്‍ പല്ലിയെന്ന പ്രചാരണം വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുഗമവും സമാധാനപരവും ഭക്ത സൗഹൃദവുമായ തീർഥാടനത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് ഈ പ്രചാരണത്തിനു പിന്നിലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 2019 -20 വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിച്ച് 10 ദിവസം പിന്നിടുന്നു.
സുഗമവും സമാധാനപരവുമായാണ് തീർഥാടന കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ശബരിമലയിലെ അപ്പം, അരവണ അടക്കമുള്ള വഴിപാടുകളെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അസത്യ പ്രചാരണങ്ങൾ പടച്ചു വിടുന്നതും അത് സോഷ്യല്‍ മീഡിയയിലുടെയും മറ്റും പ്രചരിപ്പിക്കുന്നതും ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു.
വൃത്തിയുള്ളതും സുരക്ഷിതവുമായ രീതിയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശബരിമലയിലെ അരവണ പ്ലാന്റില്‍ അരവണ തയാറാക്കി, പായ്ക്ക് ചെയ്ത് വില്പനയ്ക്കായി കൗണ്ടറുകളില്‍ എത്തിക്കുന്നത്. അരവണ പ്ലാന്റില്‍ അരവണ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പായി ശുചീകരണ പ്രവര്‍ത്തനങ്ങളും പ്ലാന്റ് അണുവിമുക്തവുമാക്കുന്നതുമായ പ്രക്രിയകള്‍ നടത്തി സജ്ജീകരിക്കുകയാണ് പതിവ്.
ഇക്കുറിയും നിര്‍മാണത്തിന് മുന്‍പ് അവ നടത്തിയിരുന്നു. ഉയർന്ന താപനിലയിലാണ് അരവണ നിര്‍മാണം നടക്കുന്നത്. അതു കൊണ്ടു തന്നെ അരവണ നിര്‍മാണം നടക്കുന്ന സമയത്ത് ഒരു ഘട്ടത്തിലും പല്ലി, പാറ്റ, പോലുള്ള ജീവികള്‍ക്ക് ഒരു വിധത്തിലും അരവണ പ്ലാന്റില്‍ കടക്കാന്‍ കഴിയുകയില്ല.
മാത്രമല്ല അരവണ നിര്‍മാണത്തിന്റെ എല്ലാ ഘട്ടത്തിലും സംസ്ഥാനഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശനമായ പരിശോധനകളും അരവണ പ്ലാന്റില്‍ നടന്ന ശേഷമാണ് അരവണ ടിന്നുകള്‍ വില്പനയ്ക്കായി കൗണ്ടറുകളില്‍ കൊണ്ടുവരുന്നത്.വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.