മൂവാറ്റുപുഴ: കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച മൂവാറ്റുപുഴ നഗരസഭയുടെ ആധുനിക അറവുശാലയിലെ ഉപകരണങ്ങൾ സാമൂഹ്യ വിരുദ്ധര്‍ കടത്തിക്കൊണ്ടുപോയി.
രാത്രിയുടെ മറവില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. 2004-ല്‍ കാവുംകരയിലാണ് ആധുനിക അറവുശാല സ്ഥാപിച്ചത്.
മാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് അറവുശാല സ്ഥാപിച്ചിരുന്നതെങ്കിലും മാലിന്യ സംസ്കരണം പാളിയതോടെ പ്രദേശവാസികള്‍ കോടതിയെ സമീപിച്ചു.
കേസ് പരിഗണിച്ച കോടതി അറവുശാല അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. എന്നാല്‍ വര്‍ഷങ്ങളായി അടഞ്ഞു കിടന്ന അറവുശാലയുടെ ഷട്ടറുകളുടെ താഴ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് തകര്‍ത്താണ് ഉപകരണങ്ങള്‍ മോഷ്ടിച്ചിരിക്കുന്നത്.
മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ മാര്‍ഗമില്ലെന്ന കാരണത്താലാണ് അറവുശാല അടച്ചുപൂട്ടിയത്. മാലിന്യസംസ്കരണത്തിനുള്ള ആധുനിക സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇവയൊന്നും ഒരു ദിവസം പോലും പ്രവര്‍ത്തിച്ചില്ല.
പോരായ്മകള്‍ പരിഹരിച്ച് അറവുശാലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നഗരസഭാധികൃതരുടെ ഭാഗത്തുനിന്നു നാളിതുവരെയായിട്ടും യാതൊരു ശ്രമവും നടന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും അനധികൃത കശാപ്പും തകൃതിയായി നടക്കുന്നുണ്ട്. മാലിന്യപ്രശ്നത്തിന്റെ പേരില്‍ അറവുശാല അടച്ചുപൂട്ടിയെങ്കിലും മൂവാറ്റുപുഴയാറിനെ തന്നെ വലിയ തോതില്‍ മലിനമാക്കുന്നതും നഗരസഭയുടെ വരുമാനം ഇല്ലാതാക്കുന്നതുമായ അനധികൃത കശാപ്പിനെതിരേ അധികൃതര്‍ മാനം പാലിക്കുകയാണ്.
കോടികള്‍ ചെലവഴിച്ച് പണികഴിപ്പിച്ച ആധുനിക അറവുശാലയുടെ ഉപകരണങ്ങള്‍ മോഷണം പോയിട്ടും കുറ്റക്കാരെ കണ്ടെത്താന്‍പോലും അധികൃതര്‍ക്ക് കഴിയാത്തതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.