ഉന്നത വിദ്യാഭ്യാസമുള്ള രാഷ്ട്രീയ നേതാക്കളില്‍ പ്രധാനിയാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാള്‍. ഖോരഗ്പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനും വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു.
പ്ലസ്ടു സിബിഎസ്ഇ പരീക്ഷയില്‍ മിന്നും ജയമാണ് കേജരിവാളിന്റെ മകന് പുല്‍കിത് കേജരിവാള്‍ സ്വന്തമാക്കിയിരിക്കുന്നത്. 96.4 ശതമാനം മാര്‍ക്കോടെയാണ് പുല്‍കിത് വിജയം സ്വന്തമാക്കിയത്. കേജ്രിവാളിന്റെ ഭാര്യ സുനിതാ കേജ്രിവാളാണ് മകന്റെ വിജയം ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘ദൈവത്തിന്റെ അനുഗ്രഹവും എല്ലാവരുടേയും അനുഗ്രഹത്തിന്റെയും ഫലമായി മകന് 96.4 ശതമാനം മാര്‍ക്കോടെ വിജയിച്ചു’ എന്നായിരുന്നു സുനിതയുടെ ട്വീറ്റ്.
നോയിഡയിലെ ഒരു സ്വകാര്യ സ്കൂളിലാണ് പുല്‍കിത് പഠിക്കുന്നത്. വിജയം അറിഞ്ഞതോടെ അരവിന്ദ് കേജ്രിവാളിന്റെ ട്വിറ്ററില്‍ അഭിനന്ദനപ്രവാഹമാണ്. 2014ല്‍ കേജ്രിവാളിന്റെ മൂത്തമകള്‍ ഹര്‍ഷിദ 96 ശതമാനം മാര്‍ക്കോടെ വിജയിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ഷിദ ഐഐടി പ്രവേശനത്തിനുള്ള ജെ.ജെ.ഇ പരീക്ഷയിലും മിന്നും ജയം കൈവരിച്ചിരുന്നു.