ബിജെപി നേടിയിരിക്കുന്നത്, പാക്കിസ്ഥാന്‍ ചാരസംഘടന എഴുപത് വര്‍ഷം കിണഞ്ഞ് പരിശ്രമിച്ചിട്ട് നടക്കാത്തത്! അവരത് വെറും മൂന്ന് വര്‍ഷംകൊണ്ട് നടപ്പിലാക്കി; അരവിന്ദ് കേജരിവാളിന്റെ പ്രസ്താവന രാജ്യശ്രദ്ധ നേടുന്നു

പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ 70 വര്‍ഷം കിണഞ്ഞ് പരിശ്രമിച്ചിട്ട് നടക്കാത്തത്, മൂന്നു വര്‍ഷം കൊണ്ട് നടപ്പിലാക്കിയവരാണ് മോദി സര്‍ക്കാരെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും തമ്മിലടിപ്പിച്ച് രാജ്യത്തെ വിഘടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കേജരിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷത്തിനിടെയാണ് കേജരിവാളിന്റെ ആരോപണം.

ദീര്‍ഘകാലമായി പാക്കിസ്ഥാന്‍ ശ്രമിക്കുന്നത് ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഹിന്ദു, മുസ്ലിം വേര്‍തിരിവുണ്ടാക്കാനാണ്. ഇതിനായി ശ്രമിക്കുന്നത് ആരായാലും അവര്‍ ഐ.എസ്.ഐ യുടെ ഏജന്റുമാരാണ്. രാജ്യസ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞുവരുന്ന ഇത്തരക്കാരാണ് യഥാര്‍ഥ രാജ്യദ്രോഹികള്‍. ഇന്ത്യയെ ദുര്‍ബലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന പരിപാടിയില്‍ കേജരിവാള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ഥിക്കാകണം നമ്മുടെ വോട്ട് എന്നും എ.എ.പി സ്ഥാനാര്‍ഥിക്ക് എതിരെ വോട്ടു ചെയ്തിട്ടായാലും ബിജെപിയെ തോല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തുല്യരാണെന്നും വ്യാപം കുംഭകോണം, റഫേല്‍ തട്ടിപ്പ്, ബിര്‍ള ഡയറികള്‍, സഹാറ ഡയറികള്‍ എന്നിവ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മികവ് പുലര്‍ത്തുന്ന ഡല്‍ഹി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം, രാജ്യത്ത് ജഡ്ജിമാര്‍ക്ക് പോലും ഇപ്പോള്‍ രക്ഷയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇപ്പോള്‍ സൗജന്യമായി കുടിവെള്ളവും കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും ലഭ്യമാണ്. ആശുപത്രികളില്‍ സൗജന്യമായി മരുന്നും ആരോഗ്യ പരിശോധനയും ലഭിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങള്‍ ഒരുപാട് മെച്ചപ്പെട്ടു കഴിഞ്ഞുവെന്നും ഡല്‍ഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

Related posts